Asianet News MalayalamAsianet News Malayalam

'മാർക്ക് ജിഹാദ്' പരാമർശം മലയാളി വിദ്യാർഥികളുടെ പ്രവേശനം തടയുന്നതിനുള്ള സംഘടിത നീക്കമെന്ന് മന്ത്രി

മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ "മാർക് ജിഹാദ്" ആരോപണത്തെ കരുതാനാകൂ എന്ന് മന്ത്രി പ്രതികരിച്ചു. മെറിറ്റ് അല്ലാതെയുള്ള കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ് എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

minister v sivankutty reaction to delhi university mark jihad controversy
Author
Thiruvananthapuram, First Published Oct 7, 2021, 8:36 PM IST

തിരുവനന്തപുരം: മലയാളി വി​ദ്യാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സർവകലാശാലയിലെ (Delhi University) അധ്യാപകന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ 'മാർക് ജിഹാദ്' (Mark Jihad) ആരോപണത്തെ കരുതാനാകൂ എന്ന് മന്ത്രി പ്രതികരിച്ചു. മെറിറ്റ് അല്ലാതെയുള്ള കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ് എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

വിദ്യാർഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്നായിരുന്നു അധ്യാപകന്റെ പരാമർശം. വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് കിട്ടുന്നു എന്നും അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പ്രസ്താവന അതിര് കടന്നുവെന്ന് ശശി തരൂരും തീവ്രവാദ സ്വാഭാവമുള്ളതെന്ന് എസ്എഫ്ഐയും പ്രതികരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു,രാംജാസ്,മിറാണ്ട,എസ്ആർസിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർത്ഥികളായിരുന്നു.  ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിൽ പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്. കിരോഡി മാൽ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുൻ പ്രസിഡൻറാണ് പാണ്ഡെ. ദില്ലിയിൽ വന്നു പഠിക്കാനായി കേരളത്തിലുള്ളവർക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.

നൂറ് ശതമാനം മാർക്കോടെ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് വി പി സാനു പറഞ്ഞു. അധ്യാപകൻറെ ജിഹാദ് പരാമർശം അതിരു കടന്നുവെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ദില്ലി സർവകലാശാലയിലെ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേരള വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

 


 

Follow Us:
Download App:
  • android
  • ios