
ദില്ലി: ത്രിപുര സ്വദേശിനിയായ 19 വയസ്സുകാരിയെ ദില്ലിയിൽ കാണാതായതായി പരാതി. സ്നേഹ ദേബ്നാഥ് എന്ന യുവതിയെ ആണ് ദില്ലിയിൽ നിന്ന് കാണാതായത്. സ്നേഹ തെക്കൻ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകി.
"ന്യൂഡൽഹിയിൽ നിന്ന് സബ്രൂം സ്വദേശിനി സ്നേഹ ദേബ്നാഥിനെ കാണാതായതായുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അടിയന്തരവും ഉചിതവുമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്' എന്നും ത്രിപുര മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുറത്തിറക്കിയ പ്രസ്താവനയിൽ റയുന്നു.
ഡൽഹി യൂണിവേഴ്സിറ്റിയിലെ ആത്മാ റാം സനാതൻ ധർമ്മ കോളേജിലെ വിദ്യാർത്ഥിനിയാണ് സ്നേഹ. ജൂലൈ 7-നാണ് സ്നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. താൻ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് അവൾ അമ്മയെ അറിയിച്ചു. രാവിലെ 5:56-നാണ് അവൾ അവസാനമായി ഫോൺ ചെയ്തത്. രാവിലെ 8:45-ഓടെ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും കുടുംബം പറയുന്നു. പിറ്റൂണിയ അന്നേ ദിവസം സ്നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
കാണാതായ സ്നേഹയെ ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം ഇറക്കിയതായി ക്യാബ് ഡ്രൈവർ സ്ഥിരീകരിച്ചിട്ടുണ്ട്. നിരന്തരം സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നതും മതിയായ സിസിടിവി കവറേജ് ഇല്ലാത്തതുമായ പ്രദേശമാണിത്. അതുകൊണ്ടുതന്നെ സിഗ്നേച്ചര്‍ ബ്രിഡ്ജിൽ നിന്ന് സ്നേഹ എങ്ങോട്ട് പോയെന്ന് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ് പൊലീസിന്. ജൂലൈ 9-ന് ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച്, എൻഡിആർഎഫിന്റെ സഹായത്തോടെ സിഗ്നേച്ചർ ബ്രിഡ്ജ് പ്രദേശത്തും, ഏഴ് കിലോമീറ്റർ ചുറ്റളവിലുമായി വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.
സ്നേഹ തൻ്റെ വ്യക്തിപരമായ സാധനങ്ങൾ ഒന്നും എടുക്കാതെയാണ് പോയതെന്നും, കഴിഞ്ഞ നാല് മാസമായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. കാണാതായ ശേഷം അക്കൗണ്ട് ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സ്നേഹയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.