
ന്യൂഡൽഹി: ജപ്പാനിലെ പ്രശസ്തമായ 'റെന്റ് എ ബോയ്ഫ്രണ്ട്' സംസ്കാരം ഇന്ത്യയിലേക്കും എത്തുന്നതായി സൂചന. ഡൽഹി സ്വദേശിയായ ഇൻസ്റ്റാഗ്രാം ക്രിയേറ്റർ ഈഷ ഭല്ല, ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പുരുഷ കൂട്ടാളിയെ വാടകയ്‌ക്കെടുത്ത് മാളിൽ സമയം ചിലവഴിച്ച അനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. കൂടെ വന്നയാൾ തന്റെ ബാഗുകൾ ചുമക്കാനും ഷോപ്പിങ്ങിനും സഹായിച്ചതായും, തന്റെ മുൻ കാമുകനെക്കുറിച്ച് പറഞ്ഞ് വികാരാധീനയായപ്പോൾ ക്ഷമയോടെ കേട്ടിരുന്ന് തമാശകൾ പറഞ്ഞ് ആശ്വസിപ്പിച്ചതായും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.
യുവതി ഇതിനെ ബോയ്ഫ്രണ്ട് റെന്റൽ എന്ന് വിളിച്ചെങ്കിലും Kopartner.in എന്ന ഈ ഔദ്യോഗിക വെബ്‌സൈറ്റിൽ അങ്ങനെയൊരു പ്രത്യേക പരാമർശമില്ല. പ്രായമായവരുടെ പരിചരണം, ഹാംഗിങ് ഔട്ട്, ക്ലബ്ബിങ്, മൂവി പാർട്ണർ, ഷോപ്പിങ് ബഡ്ഡി, മെഡിക്കൽ സപ്പോർട്ട്, ഗാർഹിക സഹായം, ട്രാവൽ പാർട്ണർ എന്നിവയാണ് ഈ സൈറ്റിൽ ലഭ്യമായിട്ടുള്ളത്.
മൂവി പാർട്ണർ, ക്ലബ്ബിങ് എന്നിവയ്ക്ക് മണിക്കൂറിന് 2,000 രൂപയാണ് നിരക്ക്. ഷോപ്പിങ് ബഡ്ഡിക്ക് മണിക്കൂറിന് 1,200 രൂപയും, ട്രാവൽ പാർട്ണർക്ക് മണിക്കൂറിന് 2,500 രൂപയുമാണ് ഈടാക്കുന്നത്. മുതിർന്നവരുടെ പരിചരണം, ഗാർഹിക സഹായം എന്നിവയ്ക്ക് മണിക്കൂറിന് 1,000 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. വെബ്‌സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയ ശേഷമാണ് ഈഷ ഭല്ല കൂട്ടാളിയെ ബുക്ക് ചെയ്തത്.
തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് കാണുകയും മാളിലേക്ക് പോവുകയുമായിരുന്നു. ഒരു സുഹൃത്തിനൊപ്പമോ പങ്കാളിക്കൊപ്പമോ സമയം ചിലവഴിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് ക്രിയേറ്റർ പറഞ്ഞു. ഡൽഹി, മുംബൈ, കൊൽക്കത്ത, നോയിഡ, ഗുഡ്ഗാവ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ സുരക്ഷിതവും വെരിഫൈഡ് ആയതുമായ പ്രൊഫഷണൽ പിന്തുണ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്നും ഉണ്ടാകുന്നത്. ഇത് വ്യാജമാണെന്നും ആരും പണം കളയരുതെന്നും ചിലർ മുന്നറിയിപ്പ് നൽകുമ്പോൾ, രാജ്യം ഏത് തലമുറയിലേക്കാണ് പോകുന്നതെന്നും തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണെന്നും ചിലർ പരിഹസിച്ചു. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം എന്ന് തമാശയായി ചോദിച്ചവരും കുറവല്ല. ഈ പുതിയ ആശയം ഇന്ത്യൻ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam