മുത്തശ്ശി മരിച്ചത് മുതൽ യുവാവ് ഏറെ ദുഖിതനായിരുന്നുവെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പകൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന യുവാവ് സംസ്കാര സമയത്ത് ഇത്തരമൊരു പ്രവർത്തി ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളുള്ളത്.
കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ മരണം തളർത്തി. മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം വൈദ്യുതി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടൻ ശ്രമിച്ച് പേരക്കുട്ടി. ബന്ധുക്കളുടെ ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും 30കാരന് ഗുരുതര പരിക്ക്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിലാണ് മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം ജീവനൊടുക്കാൻ മുപ്പതുകാരൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗെടെ സ്വദേശിയായ വയോധികയുടെ സംസ്കാര ചടങ്ങുകളുടെ അവസാന ഘട്ടത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ദഹന ചൂളയിലേക്ക് വച്ച് അടയ്ക്കാനൊരുങ്ങുമ്പോഴായിരുന്നു പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം. ചൂളയിലേക്ക് ചാടിയ യുവാവിനെ ഏറെ പണിപ്പെട്ടാണ് സമീപത്തുണ്ടായിരുന്നവർ പുറത്തെത്തിച്ചത്. ജീവൻ രക്ഷിക്കാനായെങ്കിലും ഗുരുതര പൊള്ളലാണ് യുവാവിന് നേരിട്ടിട്ടുള്ളത്.

യുവാവിനെ നബദീപിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യുത ദഹന ചൂളയ്ക്ക് മുൻപിൽ മൃതദേഹം വച്ചിരിക്കുന്ന ദൃശ്യങ്ങളും മൃതദേഹത്തിലേക്ക് ചാടി വീണ് ചൂളയ്ക്കുള്ളിലേക്ക് പോവുന്ന യുവാവിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്ദ്രജിത് ബിശ്വാസ് എന്ന യുവാവാണ് മുത്തശ്ശിക്കൊപ്പം ശ്മശാനത്തിലെ ചൂളയിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുത്തശ്ശി മരിച്ചത് മുതൽ യുവാവ് ഏറെ ദുഖിതനായിരുന്നുവെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പകൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന യുവാവ് സംസ്കാര സമയത്ത് ഇത്തരമൊരു പ്രവർത്തി ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളുള്ളത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


