ജൂലൈ 21-ന് രാവിലെ ഒമ്പത് മണിയോടെയാണ് മരുമകൾ അമ്മായി അമ്മയെ ആക്രമിച്ചത്. വീട്ടിലെ ഒന്നാം നിലയിൽ ഭർതൃമാതാവ് പത്മാവതി നിച്ചിരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് മരുമകളെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

ഹൈദരാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ സിക്കന്തരാബാദിൽ, ചിൽകൽഗുഡയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദേവരായി പത്മാവതി എന്ന 57 കാരിയെ ആണ് 33 കാരിയായ മരുമകൾ ഡി. വിജയലക്ഷ്മി അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് കുത്തിയത്. കുടുംബ സ്വത്തുമായി ബന്ധപ്പെട്ടുണ്ടായ രൂക്ഷമായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിന് ഇരയായ വയോധികയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കും സ്വത്തു തർക്കവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 21-ന് രാവിലെ ഒമ്പത് മണിയോടെയാണ് മരുമകൾ അമ്മായി അമ്മയെ ആക്രമിച്ചത്. വീട്ടിലെ ഒന്നാം നിലയിൽ ഭർതൃമാതാവ് പത്മാവതി നിച്ചിരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറി മുറിക്കുന്ന മൂർച്ചയുള്ള കത്തിയുമായി മകളിലെ നിലയിലെത്തിയ വിജയലക്ഷമി, ഭർതൃമാതാവിന്റെ മുടിയിൽ പിടിച്ച് അകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ആക്രമിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തിൽ പത്മാവതിയുടെ കഴുത്തിലും വിരലുകളിലും ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി അവർ നിലവിളിച്ചതുകേട്ട് അയൽവാസികൾ ഓടിയെത്തുകയും മരുമകളെ പിടിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. പത്മാവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ചിൽക്കൽഗുഡയിലുള്ള കുടുംബവീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പത്മാവതിയും വിജയലക്ഷ്മിയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

മരുമകൾ അമ്മായി അമ്മയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളുടെ മൊഴിയെടുക്കുകയും ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. ആക്രമണ സമയത്ത് യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവായി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.