ദില്ലിക്ക് 'ശ്വാസം' വീണ്ടുകിട്ടുന്നു; വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക്

By Web TeamFirst Published Nov 6, 2019, 10:05 AM IST
Highlights

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് എയർ ക്വാളിറ്റി ഇൻഡെക്സ് ബുധനാഴ്ച 241 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 324 ആയിരുന്നു മലിനീകരണ തോത്.

ദില്ലി: വായു മലിനീകരണം ​ഗുരുതരാവസ്ഥയിൽ എത്തി നിൽക്കുന്ന ദില്ലിയിൽ സ്ഥിതി ശാന്തമാകുന്നു.ബുധനാഴ്ച രാവിലെയോടെ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വളരയെധികം കുറ‍ഞ്ഞതായാണ് റിപ്പോർട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് എയർ ക്വാളിറ്റി ഇൻഡെക്സ് ബുധനാഴ്ച 241 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 324 ആയിരുന്നു മലിനീകരണ തോത്.

കഴിഞ്ഞ മൂന്നു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ദില്ലി ഈ വർഷം കടന്നു പോയത്. ഞായറാഴ്ച വായു മലിനീകരണം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു. 494 ആയിരുന്നു അന്നത്തെ മലിനീകരണ തോത്. ഈ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ദില്ലി വിഷപ്പുകയിൽ നിന്നും വളരെയധികം മുക്തി നേടിയെന്ന് ഉറപ്പിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. 

അവധിയിലായിരുന്ന സ്കൂളുകൾ തുറന്നു. മാസ്കുകൾ ധരിച്ചാണ് വിദ്യാർത്ഥികൾ എല്ലാവരും സ്കൂളിലേക്ക് തിരികെയെത്തിയിരിക്കുന്നത്. കാറ്റിന്റെ വേ​ഗത കുറയുന്നതിന് അനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിൽ വ്യതിയാനം സംഭവിക്കുമെന്ന് മലിനീകരണ നിരീക്ഷണ ഏജൻസികൾ പ്രവചിച്ചിരുന്നു. തെക്ക് പടിഞ്ഞാറൻ ഭാ​ഗങ്ങളിലേക്ക് കാറ്റിന്റെ ​ഗതി മാറുമെന്നും അന്തരീക്ഷ വായുവിന്റെ ​ഗുണനിലവാരത്തെ ഇത് ബാധിച്ചേക്കുമെന്നും ഏ‍ജൻസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ​ഗുരുതരമായ വായു മലിനീകരണം സംഭവിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 20-25 ആയിരുന്നു. എന്നാൽ ബുധനാഴ്ച മണിക്കൂറിൽ 8-10 ആയി കുറഞ്ഞു.  

 

click me!