മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ തർക്കത്തിൽ ആർഎസ്എസ് ഇടപെടുന്നു: ശിവസേനക്കൊപ്പം സർക്കാർ രൂപീകരിക്കാൻ നിർദേശം

By Web TeamFirst Published Nov 6, 2019, 9:05 AM IST
Highlights

കാവൽ സർക്കാരിന്‍റെ കാലാവധി മറ്റന്നാൾ അവസാനിക്കാനിരിക്കെ ആണ് നിർദേശം. ശിവസേന വഴങ്ങിയില്ലെങ്കിൽ വീണ്ടും തെര‍ഞ്ഞെടുപ്പിനെ നേരിടണമെന്നും മോഹൻ ഭഗവത്.

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിലെ തർക്കത്തിൽ ആർഎസ്എസ് ഇടപെടുന്നു. കാവൽ സർക്കാരിന്‍റെ കാലാവധി മറ്റന്നാൾ അവസാനിക്കാനിരിക്കെ ശിവസേനയ്ക്കൊപ്പം തന്നെ സർക്കാർ രൂപീകരിക്കണമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തേക്ക് ഫഡ്നാവിസിനെ വിളിച്ച് വരുത്തിയാണ് ഭഗവത് ആവശ്യം ഉന്നയിച്ചത്.

തർക്കം പരിഹരിക്കാൻ സേനാ നേതാക്കളോട് അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കാം. ശിവസേന വഴങ്ങിയില്ലെങ്കിൽ പിന്തുണയ്ക്കായി മറ്റ് പാർട്ടികളെ സമീപക്കാതെ വീണ്ടും തെര‍ഞ്ഞെടുപ്പിനെ നേരിടണമെന്നും ഭഗവത് നിർദ്ദേശിച്ചു. അതേസമയം ഒത്തുതീർപ്പിനായി ശിവസേനയ്ക്ക് 24 മണിക്കൂർ സമയം നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രി പദം ഒഴികെ എന്ത് ചർച്ചയ്ക്കും ബിജെപി ഇപ്പോൾ തയാറാണ്. ചർച്ചകൾക്കിടയിൽ ഇന്ന് ഫഡ്നാവിസ് ഉദ്ധവ് താക്കറെയുമായി നേരിട്ട് ചർച്ച നടത്താനും സാധ്യതയുണ്ട്.

ശിവസേനയുടെ പിന്തുണയ്ക്ക് കാത്ത് നിൽക്കാതെ സർക്കാരുണ്ടാക്കാനാണ് എന്നാൽ അമിത് ഷാ കഴിഞ്ഞ ദിവസം നൽകിയ നി‍ർദ്ദേശം. 2014ലേത് പോലെ സത്യപ്രതിഞ്ജയ്ക്ക് ശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് കണക്കൂകൂട്ടൽ. സേന വഴങ്ങിയാലും ഇല്ലെങ്കിലും പകുതിയിലധികം സേനാ എംഎൽഎമാർ ഒപ്പമുണ്ടാവുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. രാഷ്ട്രപതി ഭരണത്തിലേക്ക് പോവുന്നതും മുഖ്യന്ത്രി സ്ഥാനം പങ്കിട്ട് സർക്കാരുണ്ടാക്കുന്നതും ബിജെപിയുടെ പരിഗണനയിലില്ല.

സേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ എൻസിപിയും ചർച്ചകൾ തുടങ്ങിയിരുന്നു. എൻസിപി നേതാവ് ശരദ് പവാർ വീണ്ടും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളും ശിവസേന എൻസിപിക്ക് മുന്നിൽ വച്ചതോടെ ആണ് സർക്കാരുണ്ടാക്കാൻ പവാർ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.

മറാത്താ പാർട്ടികളെന്ന നിലയ്ക്ക് സഖ്യത്തെ ന്യായീകരിക്കാം എന്നാണ് എൻസിപി നിലപാട്. കോൺഗ്രസിന് സ്പീക്കർ സ്ഥാനം നൽകി പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് പവാർ ക്യാമ്പിലെ പുതിയ ഫോർമുല. ക്യാബിനറ്റിന്‍റെ ഭാഗമല്ലാത്ത ഭരണഘടനാസ്ഥാനമാണ് സ്പീക്കർ പദവിയെന്ന് പറഞ്ഞ് കോൺഗ്രസിന് പാർട്ടിക്കുള്ളിലെ എതിർപ്പുകൾ  ഒഴിവാക്കാനാവും. ഇക്കാര്യങ്ങളെല്ലാം സോണിയാ ഗാന്ധിയുമായി പവാർ ഉടൻ ചർച്ച ചെയ്യും. 

click me!