Latest Videos

മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഫഡ്നാവിസ്

By Web TeamFirst Published Oct 29, 2019, 2:00 PM IST
Highlights

ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ശിവസേന ഉറച്ച് നിൽക്കുന്നതിനിടെയാണ് ഫഡ്നാവിസിന്‍റെ ശക്തമായ പ്രതികരണം. 

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആർക്കും ഉറപ്പ് നൽകിയിട്ടില്ല. എല്ലാ അർഥത്തിലും ബിജെപി നയിക്കുന്ന സർക്കാരാണ് മഹാരാഷ്ട്രയിൽ വരാൻ പോവുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ശിവസേന ഉറച്ച് നിൽക്കുന്നതിനിടെയാണ് ഫഡ്നാവിസിന്‍റെ ശക്തമായ പ്രതികരണം. 

മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. അമിത് ഷാ ഉറപ്പ് നൽകിയതാണെന്ന ഉദ്ദവ് താക്കറെയുടെ വാദം തെറ്റാണ്. സർക്കാറിനെ അഞ്ചുവർഷവും  നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട് . ശിവസേനയുടെ സമ്മർദ്ദ തന്ത്രത്തോടുള്ള ബിജെപിയുടെ ഒദ്യോഗിക നിലപാട് കൂടിയാണ് ഫഡ്നാവിസിന്‍റെ പ്രതികരണം. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചോരാനിരിക്കുന്നതിനിടെയാണിത്. യോഗത്തിനെത്തുന്ന അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുന്നണിവിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉദ്ദവ് താക്കറെ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് കൂടുതൽ മന്ത്രിസ്ഥാനം ശിവസേന ഒത്തുതീർപ്പ് ഫോർമുലായായി  മുന്നോട്ട് വയ്ക്കാനാണ് സാധ്യത. 


 

click me!