
ദില്ലി: ഇന്ത്യാ - പാക് അതിർത്തി മേഖലകളിൽ പാക്കിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെയാണ് പാകിസ്താന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എങ്കിലും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായ എല്ലാ വെല്ലുവിളികളും പരാജയപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉത്സവകാലത്ത് ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ സുരക്ഷ വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ തുടങ്ങിയതെന്നാണ് വിലയിരുത്തുന്നത്. അതിർത്തി ജില്ലകളിൽ ബിഎസ്എഫിന്റെ ഏഴ് കമ്പനിയെയും, മറ്റു ജില്ലകളിൽ സംസ്ഥാന സായുധ സേനയുടെ 50 കമ്പനിയെയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഡിജിപി, സ്ഥിതി അവലോകനം ചെയ്തു. ഭീകരവിരുദ്ധ തന്ത്രങ്ങൾ, സംഘടിത കുറ്റകൃത്യ ശൃംഖലകളെ തടയൽ, ക്രമസമാധാന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. സംഘടിത കുറ്റകൃത്യങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി പഞ്ചാബ് പോലീസ് 1800-330-1100 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചു.
മയക്കുമരുന്നിനെതിരെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുന്നതായി ഡിജിപി അറിയിച്ചു. 20,469 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 31,252 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. 1,350 കിലോ ഹെറോയിൻ, 433 കിലോ കറുപ്പ്, 24,855 കിലോ പോപ്പി ഹസ്ക്, 498 കിലോ കഞ്ചാവ്, 3.6 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ/കാപ്‌സ്യൂളുകൾ/ഇഞ്ചക്ഷനുകൾ, 12.72 കോടി രൂപയും കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam