
ദില്ലി: ധർമ്മസ്ഥലയിലെ തെരച്ചിലില്‍ ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത മൃതദേഹം. സാക്ഷി ചൂണ്ടിക്കാണിച്ചത് അല്ലാത്ത പുതിയ സ്പോട്ടിൽ ആണ് പരിശോധന നടന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച ഇടത്തേക്ക് പോകുന്ന വഴിക്കാണ് മൃതദേഹം കണ്ടത്. മൃതദേഹം മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നില്ല. കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹം ആണെന്നാണ് സൂചന.
മൃതദേഹത്തിന്‍റെ അടുത്ത് മുണ്ടും ഷർട്ടും ഒരു കയറും ഉണ്ടായിരുന്നു. പ്രഥമ ദൃഷ്ട്യാ ആത്മഹത്യ ചെയ്ത നിലയിലുള്ള മൃതദേഹം ആണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹത്തിന് വളരെയധികം വര്‍ഷം പഴക്കമില്ല എന്നാണ് വിവരം. അസ്ഥിപഞ്ജരം ഏതാണ്ട് പൂർണ്ണമായി കാണാമായിരുന്ന സ്ഥിതിയിലായിരുന്നു.
തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്.
കുറച്ചു ദിവസങ്ങളായി സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു പരിശോധന നടന്നുവന്നിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് പുതിയ ചില സ്പോട്ടുകൾ അറിയാം, അവിടങ്ങളിൽ പരിശോധന നടത്തണം എന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ന് പതിനൊന്നാമത്തെ സ്പോട്ടിൽ പരിശോധനയ്ക്കായി എത്തിയ സമയത്താണ് സാക്ഷിയുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്. ഇന്ന് രാവിലെ വളരെ അപ്രതീക്ഷിതമായാണ് പതിനൊന്നാമത്തെ സ്പോട്ടിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. ഏതാണ്ട് മൂന്നടി താഴ്ചയിൽ പരിശോധന നടത്തിയപ്പോൾ തന്നെ അസ്ഥി ഭാഗങ്ങൾ ലഭിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam