
ദില്ലി: രാജ്യത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കാന്‍ കോടതി സിബിഐക്ക് സ്വതന്ത്ര്യ അധികാരം നല്‍കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലാണ് ബാങ്കർമാരുടെ പങ്ക് അന്വേഷിക്കുക. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം ബാങ്കര്‍മാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്രമായ അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന് പുറത്തേക്ക് പോകാനും സിബിഐയ്ക്ക് അനുമതി നല്‍കി. കൃത്രിമബുദ്ധിയും മെഷീന്‍ ലേണിങ് ടൂളുകളും ഉപയോഗിച്ച് അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലൂടെ നേടിയ വരുമാനം മരവിപ്പിക്കാനും എപ്പോള്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന്റെ സഹായം തേടി.