
ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് താൻ നാമനിർദ്ദേശ പത്രിക വാങ്ങിയതെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ്. ഇന്നാണ് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങിയത്. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
ഇന്ന് രാവിലെ പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിഗ് വിജയ് സിംഗ് നാമനിർദ്ദേശ പത്രിക വാങ്ങാനെത്തിയത്. ഹൈക്കമാന്റ് പ്രതിനിധിയായാണോ നാമനിർദ്ദേശ പത്രിക വാങ്ങിയതെന്ന ചോദ്യത്തോട് താൻ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തന്റെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ നാളെ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന റിപ്പോർട്ടുകളെ തള്ളാതെയുള്ള പ്രതികരണമായിരുന്നു ദിഗ്‌വിജയ് സിംഗിന്റേത്. ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാൻ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിന് കോണ്‍ഗ്രസില്‍ സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ താത്കാലിക വിള്ളല്‍ വീഴ്ത്തിയിരുന്നു.എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത് ഒഴിവാക്കിയിട്ടില്ലെന്നും ഇപ്പോഴും ഗെലോട്ട് തന്നെയാണ് മുഖ്യ പരിഗണനയില്‍ തുടരുന്നതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുതിർന്ന നേതാക്കള്‍ ഗെലോട്ടുമായി സംസാരിക്കുന്നുണ്ട്.
നാളെ ദില്ലിയിലെത്തുന്ന ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആശയവിനിമയത്തിലൂടെ മഞ്ഞുരുക്കമുണ്ടാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എങ്കിലും നാടകീയ സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിനാല്‍ ഗെലോട്ടിന് ഒരു പദവി മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നതിൽ ഹൈക്കമാന്‍റ് വിട്ടുവീഴ്ച ചെയ്യില്ല. ദില്ലിയിലേക്ക് വരാനിരിക്കെ അടുപ്പക്കാരായ മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam