ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; കൂട്ടക്കൊല നടത്തിയത് ആരെന്ന് സാക്ഷിക്കറിയാം, കേരളം പ്രമേയം പാസാക്കണമെന്നും അഭിഭാഷകൻ

Published : Jul 24, 2025, 10:26 AM IST
dharmathala mass murder case

Synopsis

കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.

ബെം​ഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകൻ കെവി ധനഞ്ജയ്. സ്ത്രീകൾക്ക് നേരെയുണ്ടായ ബലാത്സംഗത്തിനും കൊലപാതകങ്ങൾക്കും പിന്നിലാരെന്ന വിവരങ്ങൾ പൂർണമായി കോടതിക്ക് മുന്നിൽ സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെവി ധനഞ്ജയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വസിക്കാവുന്ന പൊലീസുദ്യോഗസ്ഥർക്ക് മുന്നിൽ മാത്രമേ എവിടെയാണ് മൃതദേഹം ഓരോന്നും മറവ് ചെയ്തതെന്ന് സാക്ഷി വെളിപ്പെടുത്തൂ. കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.

കുറ്റബോധം കൊണ്ടാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് സാക്ഷി പറയുന്നത്. പൊലീസിനെ ഓരോരോ ഇടത്തായി കൊണ്ടുപോയി മൃതദേഹം കുഴിച്ചെടുക്കാൻ തയ്യാറാണെന്ന് സാക്ഷി പറയുന്നത്. ഓരോ കൊലയ്ക്കും ബലാത്സംഗത്തിനും പിന്നിലാരെന്ന് സാക്ഷി കോടതിയിൽ പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും പലയിടങ്ങളിലായി മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷി പറയുന്നത്. പലയിടങ്ങളിലായല്ല, ഒരു ക്ഷേത്രപട്ടണത്തിൽ മൃതദേഹം കുഴിച്ചിടുക. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. സംശയങ്ങൾ ന്യായമാണ്. അത് ദുരീകരിക്കാൻ സാക്ഷിയെ ഓരോ ഇടത്തേക്ക് കൊണ്ട് പോയി കുഴിച്ച് പരിശോധന നടത്തുകയാണ് വേണ്ടത്. അത് പൊലീസ് ചെയ്യുന്നില്ലെന്നും എസ്ഐടി ഇനി എന്ത് ചെയ്യുമെന്നതാണ് നിർണായകമെന്നും അഡ്വ കെവി ധനഞ്ജയ് പറഞ്ഞു. 

ഇത്തരത്തിലൊരു കേസ് ഇതുവരെ നമ്മുടെ കോടതികൾ കൈകാര്യം ചെയ്തിട്ടില്ല. ഇതാരൊക്കെയാണ് കൊല്ലപ്പെട്ടത് എന്നത് ചോദ്യം ചെയ്യാൻ സാക്ഷിക്ക് കഴിയുമായിരുന്നില്ല. കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നു. 15 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയെ സ്കൂൾ യൂണിഫോമും ബാഗും ചേർത്ത് അടക്കം ചെയ്തെന്ന് സാക്ഷി പറയുന്നുണ്ട്. പരിശോധന നടന്നാൽ കൊല്ലപ്പെട്ടതാരെന്ന സൂചന ആ വസ്ത്രം കൊണ്ടോ ബാഗ് കൊണ്ടോ കിട്ടിയേക്കാം. 

പൊലീസിനോട് എവിടെയൊക്കെയാണ് മൃതദേഹം മറവ് ചെയ്തതെന്ന വിവരം നേരത്തേ നൽകാൻ സാക്ഷി തയ്യാറല്ല. അങ്ങനെ ചെയ്താൽ ലോക്കൽ പൊലീസ് ആ വിവരം കുറ്റവാളികൾക്ക് ചോർത്തുമെന്നും അവിടെ നിന്ന് മൃതദേഹം നീക്കം ചെയ്യുമെന്നും സാക്ഷി ഭയപ്പെടുന്നുണ്ട്. ഓരോരോ ഇടങ്ങളായി, ഒന്ന് കഴിഞ്ഞാൽ ഒന്ന് എന്ന നിലയിൽ മാത്രമേ മൃതദേഹം എവിടെയെന്ന വിവരം സാക്ഷി പൊലീസിന് നൽകൂ. അതും വിശ്വസിക്കാവുന്ന ഉന്നത പൊലീസുദ്യോഗസ്ഥന് മാത്രമേ നൽകൂ. ഇതുവരെ പൊലീസ് മൃതദേഹം കുഴിക്കാൻ ശ്രമിക്കാത്തതിന്‍റെ അർത്ഥം സാക്ഷി പറയുന്നത് സത്യമാണെന്ന് പ്രാദേശിക പൊലീസ് ഭയപ്പെടുകയാണ്. സാക്ഷി പറയുന്നത് ഗൗരവതരമായി എടുക്കുന്ന സംഘമാണ് വരുന്നതെന്നത് പ്രതീക്ഷ നൽകുന്നതാണെന്നും എസ്ഐടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെവി ധനഞ്ജയ് മറുപടി പറഞ്ഞു. 

മിസ്സിംഗ് കേസുകൾ നിരവധി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നത് ശരിയാണ്. സാക്ഷി പറയുന്നത് അനുസരിച്ച് പരിശോധന തുടങ്ങിയാൽ ആളുകൾ ധൈര്യം സംഭരിച്ച് കേസ് നൽകാൻ വരാൻ സാധ്യതയുണ്ട്. ആ നടപടിയാണ് ആദ്യം തുടങ്ങേണ്ടത്. കേരളത്തിൽ നിന്ന് നിരവധി തീർത്ഥാടകർ വരുന്ന ക്ഷേത്രമാണ് ധർമസ്ഥല. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നടക്കം ഇരകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ കേരളനിയമസഭ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഏകകണ്ഠമായ ഒരു പ്രമേയം പാസ്സാക്കേണ്ടതുണ്ടെന്നും കെവി ധനഞ്ജയ് കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ