'ഗ്രെറ്റയ്ക്ക് ടൂള്‍ കിറ്റ് നല്‍കിയത് ദിഷ'; സമരത്തിൽ ഗൂഢാലോചനയെന്നും പൊലീസ്

By Web TeamFirst Published Feb 14, 2021, 5:49 PM IST
Highlights

ഖാലിസ്ഥാൻ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ദിഷ സഹകരിച്ചെന്നും ദില്ലി പൊലീസ് പറഞ്ഞു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ സഹസ്ഥാപകയായ ദിഷ രവിയെ ഇന്നാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി: ഗ്രെറ്റ തുന്‍ബര്‍ഗിന് ടൂള്‍ കിറ്റ് നല്‍കിയത് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷയെന്ന് ദില്ലി പൊലീസ്. വസ്തുതകള്‍ പുറത്തായപ്പോള്‍  ഗ്രെറ്റയോട് ഡോക്യുമെന്‍റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും ദിഷയാണ്. വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ടൂൾകിറ്റ് ഉണ്ടാക്കാൻ സഹകരിച്ചു. സമര പരിപാടികൾ തയ്യാറാക്കാൻ ഗൂഢാലോചന നടത്തി. ഖാലിസ്ഥാൻ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ദിഷ സഹകരിച്ചെന്നും ദില്ലി പൊലീസ് പറഞ്ഞു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ സഹസ്ഥാപകയായ ദിഷ രവിയെ ഇന്നാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ എത്തിയ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്ത ശേഷം ദിഷയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സമരപരിപാടികളുള്ള  ഗൂഗിള്‍ ഡോക്യുമെന്‍റിന്‍റെ രണ്ട് വരി മാത്രമാണ് താൻ എഡിറ്റ് ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ദിഷ കോടതിയില്‍ വ്യക്തമാക്കി. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും പട്യാല കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടു. അറസ്റ്റ് ക്രൂരതയാണെന്നും ഉപദ്രവിക്കാനും ഭയപ്പെടുത്താനുമാണ് ശ്രമമെന്നും ദിഷക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഗ്രെറ്റ തുൻബര്‍ഗ് പങ്കുവെച്ച പ്രതിഷേധ പരിപാടികള്‍ ആര് നിര്‍മ്മിച്ചുവെന്ന് കണ്ടെത്താന്‍ ഗൂഗിളിന് ദില്ലി പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്. ഐപി അഡ്രസും രജിസ്ട്രഷേൻ വിവരങ്ങളും ഇമെയില്‍ ഐഡിയും അടക്കമുള്ളവയാണ് പൊലീസ് തേടിയിട്ടുള്ളത്.


 

click me!