മന്‍ കി ബാത്തിന് ഡിസ് ലൈക്ക്; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി

By Web TeamFirst Published Sep 1, 2020, 11:36 AM IST
Highlights

യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒടുവിലത്തെ മന്‍ കി ബാത്തിന് യൂ ട്യൂബില്‍ ലഭിച്ച ഡിസ് ലൈക്കുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന ആരോപണവുമായി ബിജെപി. യൂട്യൂബില്‍ ഓള്‍ ഇന്ത്യ റേഡിയോയും ബിജെപിയും അപ്ലോഡ് ചെയ്ത മന്‍ കി ബാത്ത് ഷോയ്ക്ക് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്ക് ലഭിച്ചത് വാര്‍ത്തയായിരുന്നു. വീഡിയോക്ക് ഡിസ് ലൈക്ക് ലഭിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്. എന്നാല്‍, യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു. 

ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ നിരവധി ട്വീറ്റുകള്‍ വന്നത് വിദേശത്ത് നിന്നാണെന്നും ബിജെപി ആരോപിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള ട്വീറ്റുകളും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 98 ശതമാനം ഡിസ്ലൈക്കുകളും ഇന്ത്യക്ക് പുറത്ത്‌നിന്നാണ് വന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രിയപ്പെട്ട തുര്‍ക്കിയില്‍ നിന്നാണ് ഡിസ്ലൈക്കുകള്‍ വരുന്നത്. എന്താണ് രാഹുല്‍ ഗാന്ധിക്ക് തുര്‍ക്കിയോട് ഇത്ര അടുപ്പമെന്നും മാളവ്യ ചോദിച്ചു. 

വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്നതാണ് എന്നതാണ് വ്യക്തമാകുന്നത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.

click me!