
ലുധിയാന: അറുപതുകാരനായ പിതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനെ ചൊല്ലി അവിവാഹിതനായ മകനുമായി തർക്കം. മകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുൻ സൈനികൻ വിഷം കഴിച്ച് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ലുധിയാനയിലെ ന്യൂ അഗർ നഗറിൽ ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. പൊലീസ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറുപത് വയസ്സുകാരനായ മുൻ സൈനികൻ സുരീന്ദർ സിംഗ് ആണ് തന്റെ നാൽപ്പതുകാരനായ മകൻ ഗുർഷരൺ സിംഗിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സുരീന്ദർ സിംഗിന്റെ പുനർവിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ അരുംകൊലയിൽ കലാശിച്ചത്.
സുരീന്ദർ സിംഗിന്റെ ഭാര്യ അഞ്ച് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിനുശേഷം മറ്റൊരു വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം മകനെ അറിയിച്ചു. എന്നാൽ മകൻ ഗുർഷരൺ ഇതിനെ ശക്തമായി എതിർത്തു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ വിഷയത്തെച്ചൊല്ലി അച്ഛനും മകനും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നത്. സുരീന്ദർ സിംഗിന് രണ്ട് പെൺമക്കൾ കൂടിയുണ്ട്, ഇവർ വിദേശത്താണ് താമസിക്കുന്നത്. വീട്ടിൽ അച്ഛനും അവിവാഹിതനായ മകനും മാത്രമായിരുന്നു താമസം.
ഞായറാഴ്ച രാത്രി ഭക്ഷണസമയത്ത് വീണ്ടും ഈ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സുരീന്ദർ സിംഗ് തന്റെ ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കെടുത്ത് മകന് നേരെ വെടിയുതിർത്തു. ആദ്യ തവണ വെടിപൊട്ടാത്തതിനെത്തുടർന്ന് ജീവൻ രക്ഷിക്കാനായി ഗുർഷരൺ തെരുവിലേക്ക് ഓടിയിറങ്ങി. എന്നാൽ വിടാതെ പിന്തുടർന്ന സുരീന്ദർ സിംഗ് നടുറോഡിലിട്ട് മകനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. വെടിയേറ്റ ഗുർഷരൺ സംഭവസ്ഥലത്തുതന്നെ രക്തം വാർന്നു മരിച്ചു.
മകനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ സുരീന്ദർ സിംഗ് വാതിലുകൾ അകത്തുനിന്നും പൂട്ടിയ ശേഷം വിഷം കഴിച്ചു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഗുർഷരണിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ അബോധാവസ്ഥയിലായ സുരീന്ദറിനെ കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുത്. സംഭവസ്ഥലത്തുനിന്നും തോക്കും വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദേശത്തുള്ള പെൺമക്കളെ വിവരമറിയിച്ചതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും സരഭ നഗർ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam