
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ ടി വി കെ പാർട്ടിയുടെ സ്വാധീനം തടയാൻ എ ഐ എ ഡി എം കെ യുമായി (അണ്ണാ ഡി എം കെ) സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന സൂചനയുമായി ഡി എം കെ. ഇരുപാർട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും ഡി എം കെ വിട്ടുപോയവരാണ് എ ഐ എ ഡി എം കെയിലുള്ളതെന്നും ഡി എം കെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി പി എമ്മും സി പി ഐയും പിളർപ്പിന് ശേഷം മുന്നണി രീതിയിൽ ഒന്നിച്ചത് മാതൃകയാക്കിയുള്ള നീക്കമാണ് ആലോചനയിലുള്ളത്. സി പി എമ്മും സി പി ഐയും പല കാര്യങ്ങളിലും ഒരുമിച്ച് നിൽക്കുന്നില്ലേ എന്നും ഭാരതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉടൻ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും എന്നാൽ സഖ്യം സംബന്ധിച്ച് നിലവിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഭാരതി വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശത്രുക്കളെയും മിത്രങ്ങളെയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും ഡി എം കെ നേതാവ് കൂട്ടിച്ചേർത്തു. പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ വൈക്കോയുടെ നേതൃത്വത്തിലുള്ള എം ഡി എം കെ നിലവിലെ സഖ്യം വിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വിജയ് സർക്കാരിന്റെ ജനപ്രീതിയും രാഷ്ട്രീയ മുന്നേറ്റവും പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഒരുമിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്ന തരത്തിലാണ് ചെന്നൈയിൽ നിന്നുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam