'വിജയ്‍‍യുടെ ഫാൻ ക്ലബ്ബ് പ്രസിഡൻ്റിനെപ്പോലെ പെരുമാറ്റം'; 'മുസ്ലീം ലീഗ് നേതാവ് ഖാദർ മൊയ്തീനെതിരെ ഡിഎംകെ

Published : Jun 06, 2026, 09:06 AM IST
DMK Against Muslim League

Synopsis

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷൻ കെ എം ഖാദർ മൊയ്തീനെതിരെ വിമർശനവുമായി ഡിഎംകെ. ഖാദർ മൊയ്തീൻ വിജയ്‍യുടെ ഫാൻ ക്ലബ്ബിൻ്റെ പ്രസിഡന്റിനെ പോലെ പെരുമാറുന്നുവെന്ന് ഡിഎംകെയുടെ മുൻ എംപിയായ എം എം അബ്ദുള്ള. 

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൻ്റെ ഭാഗമായ മുസ്ലീം ലീഗിനെതിരെ കടന്നാക്രമണവുമായി ഡിഎംകെ. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷൻ കെ എം ഖാദർ മൊയ്തീൻ വിജയ്‍യുടെ ഫാൻ ക്ലബ്ബിൻ്റെ പ്രസിഡന്റിനെ പോലെ പെരുമാറുന്നുവെന്ന് ഡിഎംകെ വിമ‍ർശനം. ഡിഎംകെയുടെ മുൻ എംപിയായ എം എം അബ്ദുള്ള ആണ് വിമ‍ർശനവുമായി രം​ഗത്തെത്തിയത്. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖാദർ മൊയ്തീൻ സംസാരിക്കുന്നത് കണ്ടാൽ വിജയ്‍‍യുടെ ഫാൻ ക്ലബ്ബ് പ്രസിഡൻ്റിനെപ്പോലെയുണ്ടെന്ന് എം എം അബ്ദുള്ള വിമ‍‍ർശിച്ചു. ഇത് മുസ്ലീങ്ങൾക്കിടയിൽ വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. തമിഴ്നാട്ടിലെ ആദരിക്കപ്പെടുന്ന ഒരു നേതാവായിട്ടായിരുന്നു അദ്ദേഹം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്, എന്നാൽ ഇന്ന് ആ പദവിയെല്ലാം മറന്ന് ഒരു ഫാൻ ക്ലബ് ഭാരവാഹിയെപ്പോലെയാണ് സംസാരിക്കുന്നതെന്നും എം എം അബ്ദുള്ള കുറ്റപ്പെടുത്തി.

ഡിഎംകെ സർക്കാർ 'തഗൈസാൽ തമിഴർ' പുരസ്കാരം നൽകി ഖാദ‍ർ മൊയ്തീനെ ആദരിച്ച കാര്യവും എം എം അബ്ദുള്ള എടുത്തുപറഞ്ഞു. ദേശീയതലത്തിലെ ഭാരതരത്നയ്ക്ക് തുല്യമായ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബഹുമതിയാണ് 'തഗൈസാൽ തമിഴർ' പുരസ്കാരം. സമൂഹത്തിനും പൊതുജീവിതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡിഎംകെ സർക്കാർ ഈ ബഹുമതി നൽകി ആദരിച്ചതെന്നും എം എം അബ്ദുള്ള പറഞ്ഞു.

അതേസമയം ടിവികെ സർക്കാരിന് മുസ്ലീം ലീഗ് പിന്തുണ നൽകുന്നതിലോ സംസ്ഥാന മന്ത്രിസഭയിൽ അധികാരം പങ്കിടുന്നതിലോ ഡിഎംകെയ്ക്ക് തടസ്സങ്ങളൊന്നുമില്ലെന്നും എം എം അബ്ദുള്ള പറ‍ഞ്ഞു. ടിവികെ സ‍ർക്കാരിന്റെ രൂപീകരണത്തോടെയും മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യം ഉണ്ടായതോടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം യാഥാ‍ർഥ്യമായെന്ന ഖാദർ മൊയ്തീൻ്റെ പരാമർശമാണ് ഡിഎംകെ നേതാവിനെ ചൊടിപ്പിച്ചത്. എന്താണ് അദ്ദേഹത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നമെന്ന് ചോദിച്ച എം എം അബ്ദുള്ള, ഡിഎംകെ സ‍ർക്കാരുകളിൽ മുസ്ലീം മന്ത്രിമാർ ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ; കള്ളപ്പണ വെളുപ്പിക്കൽ കേസിൽ തുടർനടപടി, ഗവർണർക്ക് കത്ത് നൽകി
കോക്രോച്ചുകളുടെ ആവശ്യം വകവെക്കാതെ മോദി; വിമർശനത്തിനിടയിലും ധർമേന്ദ്ര പ്രധാനെ കൈവിടില്ല, വിദേശയാത്രയിലും കൂടെ കൂട്ടിയേക്കും