
ചെന്നൈ : തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ അണ്ണാമലയെ മെഡൽ കഴുത്തിൽ അണിയിക്കാൻ അനുവദിക്കാതെ ഡിഎംകെ മന്ത്രിയുടെ മകൻ. ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലെ വിജയത്തിന് ശേഷം മെഡൽ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ബിജെപി നേതാവ് കെ.അണ്ണാമലൈ മുഖ്യാതിഥിയായ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലായിരുന്നു നാടകീയരംഗങ്ങൾ. വിജയികളിലൊരാളായ സൂര്യ രാജാ ബാലുവിന്റെ കഴുത്തിൽ മെഡൽ അണിയിക്കാൻ അണ്ണാമലൈ ഒരുങ്ങിയെങ്കിലും താരം വിസമ്മതിച്ചു. മെഡൽ കൈയിൽ തന്നാൽ മതിയെന്ന് സൂര്യ പറഞ്ഞതോടെ അണ്ണാമലൈ വഴങ്ങി.
ഡിഎംകെ എംപി ടി ആർ ബാലുവിന്റെ കൊച്ചുമകനും തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുടെ മകനുമാണ് സൂര്യ. ഏതാനും മാസങ്ങൾക്ക് മുൻപ് സൂര്യയുടെ സഹോദരി ദേശീയ ചാംപ്യൻഷിപ്പിൽ വിജയിച്ചപ്പോൾ , ഷൂട്ടിംഗ് ചെലവേറിയ ഇനമാണെന്നും എല്ലാവർക്കും താങ്ങാനാകില്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലെ നീരസമാണോ ബിജെപി നേതാവിനോടുള്ള എതിർപ്പാണോ സൂര്യ പ്രകടിപ്പിച്ചതെന്ന് വ്യക്തമല്ല. തന്റെ കൈയിൽ നിന്ന് മെഡൽ വാങ്ങിയാലും ഇല്ലെങ്കിലും രാജയുടെ മകൻ നല്ല മനുഷ്യനായി വളരട്ടേ എന്നായിരുന്നു മാധ്യമങ്ങളോട് അണ്ണാമലൈയുടെ പ്രതികരണം.
അടുത്തിടെ തിരുനെൽവേലിയിലെ ബിരുദദാന ചടങ്ങിൽ ഡി എം കെ നേതാവിന്റെ ഭാര്യയായ ഗവേഷക വിദ്യാർത്ഥി ഗവർണറിൽ നിന്ന് സർട്ടിറിക്കേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ചതും ചർച്ചയായിരുന്നു.