'ഒന്നും ഒളിക്കരുത്, എല്ലാം റിപ്പോർട്ട് ചെയ്യണം'; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ; 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി

Published : May 16, 2026, 02:14 PM IST
DMK Tamil Nadu

Synopsis

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ഡിഎംകെ ഒരുങ്ങുന്നു. താഴേത്തട്ടിലേക്ക് എത്താൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി. കമ്മിറ്റി അംഗങ്ങൾ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിക്കും. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും. 

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പഠിക്കാൻ ഡിഎംകെ ഒരുങ്ങുന്നു. മണ്ഡലങ്ങളിൽ താഴേത്തട്ടിൽ എത്തി തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാനായി 38 അംഗ കമ്മിറ്റി ഡിഎംകെ രൂപം നൽകി. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ അറിയിച്ചു.

പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകി. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്റ്റാലിൻ്റെ നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ അവസാനത്തോട തിരുത്തൽ നടപടികളും പരിഷ്കാരങ്ങളും പാർട്ടിയിൽ നടത്താനാണ് ഡിഎംകെയുടെ തീരുമാനം.

"പാർട്ടി ആസ്ഥാനത്തെയും എന്നെയും പ്രതിനിധീകരിച്ചാണ് നിങ്ങളെ അയയ്ക്കുന്നത്. നിങ്ങൾ എൻ്റെ കാതുകളായാണ് പോകുന്നത്. വ്യക്തിപരമായ യോജിപ്പോ വിയോജിപ്പോ കണക്കിലെടുക്കാതെ നിങ്ങൾ പാർട്ടി പ്രവർത്തകർ പറയുന്ന സത്യം കേട്ട്, അത് കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് നിങ്ങളുടെ ഏക കർത്തവ്യം. അവർ എന്നെ നേതാവെന്ന നിലയിൽ വിമർശിച്ചാലും കുഴപ്പമില്ല, അതും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം"- സ്റ്റാലിൻ കമ്മിറ്റി അംഗങ്ങളോട് നിർദേശിച്ചു.

"ഡോക്ടറോട് കള്ളം പറയരുതെന്ന് ആളുകൾ പറയാറുണ്ട്. ഞാൻ ഇപ്പോൾ ആ നിലയിലാണ്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്. രോഗം വ്യക്തമായി തിരിച്ചറിഞ്ഞ ശേഷം മാത്രമേ യഥാർഥ മരുന്ന് നൽകാനാകൂ"- സ്റ്റാലിൻ പറഞ്ഞു. രണ്ടുപേരടങ്ങുന്ന സംഘമാണ് ഓരോ പ്രവർത്തകനെയും കാണുക. കമ്മിറ്റി അംഗങ്ങൾ വിവരങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കണമെന്നും ഏതെങ്കിലും തരത്തിൽ പുറത്തുവിടുന്നത് ഈ പ്രക്രിയ പരാജയപ്പെടാൻ കാരണമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

വിജയ് നേതൃത്വം നൽകുന്ന ടിവികെ വൻ മുന്നേറ്റം നടത്തിയതോടെ ആണ് ഭരണകക്ഷിയായിരുന്ന ഡിഎംകെ കനത്ത തിരിച്ചടി നേരിട്ടത്. 234 അംഗ സഭയിൽ 59 സീറ്റുകളിലാണ് പാർട്ടിക്ക് വിജയിക്കാനായത്. മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിൻ കൊളത്തൂർ സീറ്റിൽ പരാജയപ്പെട്ടതും പാർട്ടിക്ക് തിരിച്ചടിയായി. ടിവികെയുടെ വി എസ് ബാബുവിനോട് 8795 വോട്ടുകൾക്കാണ് സ്റ്റാലിൻ തോറ്റത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിച്ച് പെയിൻ്റടിച്ച് തുറക്കൂ, ആവശ്യമെങ്കിൽ ഞാനും പെയിൻ്റടിക്കാം'; അണികളോട് മമത
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞോ? പുനർമൂല്യനിർണയം തീയതി, ഫീസ് അറിയാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ