
മുംബൈ: ഡോക്ടർ ഗൗരി ഗാർജെ ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹാരാഷ്ട്രാ മന്ത്രി പങ്കജ് മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്റായ ഭർത്താവ് അനന്ത് ഗാർജെ അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെയാണ് വർളി പോലീസ് ഗാർജെയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച രാത്രിയാണ് ഗൌരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് മധ്യ മുംബൈയിലെ വസതിയിൽ വെച്ച് അനന്ത് ഗാർജെയുടെ ഭാര്യ ജീവനൊടുക്കിയെന്നാണ് പോലീസ് ഞായറാഴ്ച അറിയിച്ചത്.
ഫെബ്രുവരി ഏഴിനാണ് ഇരുവരും വിവാഹിതരായത്. ദന്ത വിഭാഗത്തിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഗൌരി. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഭർത്താവിന്റെ പീഡനവും ഉപദ്രവവുമാണ് ഗൗരി ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് ഗൗരിയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. പൊലീസിൽ നൽകിയ പരാതിയിൽ, ഗാർജെക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി ഭാര്യയുടെ കുടുംബം ആരോപിക്കുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും, ഗാർജെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു എന്നും പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്