
മീററ്റ്: മേശയുടെ മൂലയിൽ ഇടിച്ച് തലയിൽ മുറിവേറ്റു. മകന് അടിയന്തര ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിൽ എത്തിയച്ചപ്പോൾ ഡോക്ടർ ചെയ്തത് കണ്ട് ഭയന്ന് രക്ഷിതാക്കൾ. കുട്ടിയുടെ തലയിലെ മുറിവിൽ ഫെവിക്വിക് ഉപയോഗിച്ചാണ് ഡോക്ടർ ചികിത്സ നടത്തിയത്. ചോരയൊഴുകുന്ന മുറിവ് തുന്നിക്കെട്ടുന്നതിന് പകരമാണ് ഫെവിക്വിക് ചികിത്സ. ഉത്തർ പ്രദേശിലെ മീററ്റിൽ ആണ് സംഭവം. സർദാർ ജസ്പീന്ദർ സിംഗ് എന്നയാളുടെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്. ജാഗ്രിതി വിഹാർ എന്ന മേഖലയിലെ താമസക്കാരനാണ് പരാതിക്കാരൻ. വീട്ടിൽ കളിക്കുന്നതിനിടെ പരിക്കേറ്റ മകനെ ഭാഗ്യ ശ്രീ എന്ന ആശുപത്രിയിലാണ് രക്ഷിതാക്കൾ എത്തിച്ചത്.
ആശുപത്രിയിൽ മുറിവ് പരിശോധിച്ച ഡോക്ടർ ഒരു ഫെവി ക്വിക് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വേദന മൂലം കരയുന്നത് പോലും പരിഗണിക്കാതെയായിരുന്നു പ്രാകൃത രീതിയിലെ ചികിത്സയെന്നാണ് പരാതി. മുറിവിൽ ഫെവി ക്വിക് തേച്ച് തിരിച്ച് വിട്ടതോടെ കുട്ടി രാത്രിയിൽ മുഴുവൻ കരഞ്ഞു. ഇതോടെ വീട്ടുകാർ കുഞ്ഞിനെ ലോക്പ്രിയ ആശുപത്രിയിലെത്തിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ഇവിടെ വച്ച് ഡോക്ടർമാർ ഫെവി ക്വിക്ക് മുറിവിൽ നിന്ന് നീക്കിയത്.
ഇതിന് പിന്നാലെ പരിക്കേറ്റ ഭാഗം വൃത്തിയാക്കി മുറിവ് തുന്നിക്കെട്ടുകയും ചെയ്തു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കട്ടാരിയ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അശോക് കട്ടാരിയ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam