
ദുബൈ: ഇന്ത്യ - പാക്കിസ്ഥാൻ പ്രശ്നം പരിഹരിച്ചുവെന്ന് താൻ അവകാശപ്പെടുന്നില്ലെന്ന് ഡോണൾഡ് ട്രംപ്. പക്ഷെ സംഘർഷം പരിഹരിക്കുന്നതിൽ സഹായിക്കാൻ തനിക്ക് കഴിഞ്ഞു. വ്യാപാരം വാഗ്ദാനം ചെയ്തതാണ് പ്രശ്നം പരിഹരിച്ചതെന്നും ഖത്തറിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ സന്തോഷമുള്ളതായിരുന്നു ഇതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ 'ആയിരക്കണക്കിന്' വർഷങ്ങളായുള്ള ഇന്ത്യ - പാക്കിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ന് ഖത്തറിലെ ഒരു പൊതുപരിപാടിയിൽ വ്യാപാരം കൂട്ടാമെന്ന് താൻ വാഗ്ദാനം നൽകിയത് കൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്നങ്ങൾ ഒഴിവായതെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്കെതിരെയും ട്രംപ് നിലപാടെടുത്തു. ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് കമ്പനിയുടെ സിഇഒയോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. വെടിനിർത്തൽ സംബന്ധിച്ച അവകാശവാദങ്ങൾക്കിടെ മുകേഷ് അംബാനി ട്രംപിനെ കണ്ടതും വലിയ ചർച്ചയായി. ഇന്ത്യയിലെ ഉയർന്ന താരിഫാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രശ്നം. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇന്ത്യയിൽ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അദ്ദേഹം സിഇഒയോട് പറഞ്ഞു.
അതേസമയം അമേരിക്കൻ നിലപാടിനെ പൂർണമായി തള്ളിക്കളഞ്ഞ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ച തീർത്തും രണ്ട് കക്ഷികൾ തമ്മിൽ മാത്രമുള്ളതാകും എന്ന നിലപാട് എസ് ജയ്‍ശങ്കർ ആവർത്തിച്ചു. ദില്ലിയിലെ ഹോണ്ടുറാസ് എംബസി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വാർത്താ ഏജൻസികളോടായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ചർച്ചകൾ തുടങ്ങാൻ എന്ത് വേണമെന്ന് പാകിസ്ഥാനറിയാം. ഇന്ത്യയ്ക്ക് കൈമാറേണ്ട ഭീകകരുടെ പട്ടിക പാകിസ്ഥാന്‍റെ പക്കലുണ്ട്. ഭീകരകേന്ദ്രങ്ങൾ അടച്ചുപൂട്ടാതെ ഒരു തരം ചർച്ചയ്ക്കുമില്ലെന്നും സംശയലേശമന്യേ എസ് ജയ്‍ശങ്കർ വ്യക്തമാക്കുന്നു. ഇന്ത്യ യുഎസ് വ്യാപാരക്കരാറിൽ ചർച്ചകൾ തുടരുകയാണെന്നും, ഇരുരാജ്യങ്ങൾക്കും ഗുണകരമായ ധാരണകളിലെത്താതെ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇന്ത്യ - പാക് ചർച്ചകളിൽ നേരിട്ടുള്ള ആശയവിനിമയമാണ് വേണ്ടതെന്ന നിലപാടുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്നാമതൊരു വേദിയിൽ ചർച്ച നടത്തണമെന്നും താനിടപെട്ട് ആണവയുദ്ധം ഒഴിവാക്കിയെന്നും അമേരിക്കൻ പ്രസിഡന്‍റ് പറയുമ്പോഴും കരുതലോടെയുള്ള പ്രതികരണമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റേത്.