അമേരിക്കൻ നിലപാട് തള്ളി എസ് ജയശങ്കർ; 'ഇന്ത്യ-പാക് ചർച്ചയിൽ 3-ാം കക്ഷിയില്ല, നദീജല കരാറിൽ തത്ക്കാലം ചർച്ചയില്ല'

Published : May 15, 2025, 05:33 PM IST
അമേരിക്കൻ നിലപാട് തള്ളി എസ് ജയശങ്കർ; 'ഇന്ത്യ-പാക് ചർച്ചയിൽ 3-ാം കക്ഷിയില്ല, നദീജല കരാറിൽ തത്ക്കാലം ചർച്ചയില്ല'

Synopsis

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ.

ദില്ലി: അമേരിക്കൻ നിലപാട് തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും അറിയിച്ചു. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ എന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കർ പറഞ്ഞു. ദില്ലിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യമന്ത്രി. 

ചെയ്യേണ്ടതെന്തെന്ന് പാകിസ്ഥാനറിയാം, അത് ചെയ്താൽ മാത്രമേ ചർച്ചയുള്ളൂ എന്നും ജയശങ്കർ വ്യക്തമാക്കി. പാക് അധീന കശ്മീരിൽ മാത്രമേ ചർച്ചയുള്ളൂ എന്നതിലും ഇന്ത്യൻ നിലപാട് വ്യക്തമെന്നും എസ് ജയശങ്കർ പ്രതികരിച്ചു. ആരാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ്. ഭീകരകേന്ദ്രങ്ങൾ മാത്രം ഉന്നമിട്ട് ആക്രമിച്ചതോടെ ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നു. അവരത് പരിഗണിക്കാതെ ഇന്ത്യയെ ആക്രമിക്കാനാണ് തീരുമാനിച്ചത്. അവരുടെ വ്യോമത്താവളങ്ങൾ അടക്കം 10-ാം തീയതി ആക്രമിക്കപ്പെട്ടതോടെയാണ് അവർ വെടിനിർത്തലിന് അഭ്യർത്ഥിച്ചതെന്നും ജയശങ്കർ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യ - അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറില്‍ ചർച്ചകൾ തുടരുന്നുവെന്ന് എസ് ജയശങ്കർ അറിയിച്ചു. രണ്ട് രാജ്യങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ കരാറിൽ ധാരണയിലെത്തണം. അതാണ് അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അന്തിമധാരണയാവുന്നത് വരെ ഒരു തരത്തിലും പ്രതികരിക്കാനില്ലെന്നും എസ് ജയശങ്കർ കൂട്ടിച്ചേര്‍ത്തു.

സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാം എന്ന നിലപാടുമായിട്ടാണ് പാകിസ്ഥാൻ ഇന്ത്യയെ സമീപിച്ചത്. സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാം എന്ന് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കത്തെഴുതിയതും ഇന്ത്യക്ക് നേട്ടമായി. കരാർ വ്യവസ്ഥകളിൽ ചർച്ചയാകാം എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത് ഇതാദ്യമായാണ്, കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാൻ്റെ പുതിയ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. അതേസമയം, സിന്ധു നദീജല കരാറിൽ തല്ക്കാലം ചർച്ചയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരതയ്ക്കെതിരെ ആദ്യം പാകിസ്ഥാൻ നടപടി എടുക്കണമെന്ന് ഇന്ത്യ അറിയിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. വ്യവസ്ഥകൾ ചർച്ച ചെയ്യാം എന്ന് പാകിസ്ഥാൻ കത്ത് നല്‍കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ