കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും പാർട്ടിയുടെ സ്ഥാനവും  നിർണായകമാണ്. പക്ഷേ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന 90% തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റു എന്നും പ്രശാന്ത് കിഷോർ‌ പറഞ്ഞു. 

ദില്ലി: കോൺ​ഗ്രസിനെതിരെ (congress) വിമർശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ (Prasanth Kishore) . കോൺഗ്രസ് നേതൃത്വം ഏതെങ്കിലും വ്യക്തിയുടെ ദൈവിക അവകാശമല്ല. പ്രതിപക്ഷ നേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കണമെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും പാർട്ടിയുടെ സ്ഥാനവും നിർണായകമാണ്. പക്ഷേ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന 90% തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റു എന്നും പ്രശാന്ത് കിഷോർ‌ പറഞ്ഞു. 

അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നതാണ് മമതയുടെ നിലപാടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചു. അതിനിടെ, 2024 ലോകസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് സാധ്യതയില്ലെന്ന ഗുലാം നബി ആസാദിന്‍റെ പരാമർശം വിവാദമായി. 

പശ്ചിമബംഗാളിലെ വൻ വിജയത്തിന്‍റെ ചുവട് പിടിച്ച് പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസിന് ബദലാകാനാണ് മമതയുടെ ശ്രമം. പ്രതിപക്ഷ ഐക്യം മുൻ നിര്‍ത്തി ടിഎംസി നടത്തുന്ന പ്രകോപന നീക്കങ്ങളോട് സഹിഷ്ണുതയായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നയം. എന്നാല്‍ യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമർശത്തോടെ തിരിച്ചടിക്കാൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുത്തതായാണ് സൂചന. കോണ്‍ഗ്രസിന്‍റെ പോരാട്ടം ബിജെപിക്കെതിരെയാണെന്നും ഒപ്പം ചേരാൻ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോകാമെന്നും മുതിര്‍ന്ന നേതാവ് ദിഗ്‍വിജയ് സിങ് കടുപ്പിച്ചു. പ്രതിപക്ഷം ഭിന്നിച്ച് പരസ്പരം പോരാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍​ഗെയും പ്രതികരിച്ചു. പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവില്ലാത്ത ശരീരം മാത്രമാണന്നുമായിരുന്നു കപില്‍ സിബലിന്‍റെ ട്വിറ്റ്. 

കോണ്‍ഗ്രസിനൊടൊപ്പം നില്‍ക്കുന്ന പാർട്ടികളെ തങ്ങളോടൊപ്പം ചേര്‍ക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പാര്‍ട്ടി ടിഎംസിക്ക് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുര്‍ബലമാക്കാനുള്ള ശ്രമത്തിനിടയിലും പാ‍ർലമെന്‍റില്‍ ടിആര്‍എസിനെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുപ്പിച്ചതും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ സഖ്യകക്ഷിയാക്കിയതും കോണ്‍ഗ്രസിന് നേട്ടമാണ്. പ്രത്യാക്രമണത്തിന് തീരുമാനമുണ്ടെങ്കിലും ടിഎംസിയുമായുള്ള ബന്ധം പൂര്‍മണായി ഇല്ലാതാക്കുന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയിട്ടില്ല. 

അതിനിടെയാണ് കോൺഗ്രസിന് വലിയ രക്ഷയിലെന്ന് സൂചിപ്പിച്ച് ജമ്മുകാശ്മീരില്‍ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് നടത്തിയ പരാമർശം പാർട്ടിക്ക് ക്ഷീണമായിരിക്കുന്നത്. കോണ്‍ഗ്രസിന് മുന്നൂറിന് മുകളില്‍ സീറ്റ് കിട്ടാനുള്ള സാധ്യത കാണുന്നില്ല. അതാണ് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇട‍‌ഞ്ഞു നില്‍ക്കുന്ന ജി 23 സംഘത്തിൻറെ നേത്യത്വം ഗുലാം നബി ആസാദ്. പാർട്ടിയിലെ ആശയക്കുഴപ്പം തുടരുന്നു എന്ന സൂചനയാണ് ഗുലാം നബി ആസാദിൻറെ വാക്കുകൾ നല്കുന്നത്.