Asianet News MalayalamAsianet News Malayalam

പ്രശാന്ത് കിഷോർ എത്തുമോ? സോണിയാ ഗാന്ധിയുടെ വസതിയിൽ നിർണായക ചർച്ച 

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നരേഷ് പട്ടേലിനെ കൂടി കോൺഗ്രസിലെത്തിക്കുകയെന്നത് കൂടി ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നത്.

prashant kishor Prashant Kishor Meets sonia Gandhis rumors About Joining Congress
Author
Delhi, First Published Apr 16, 2022, 1:37 PM IST

ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ (Prashanth kishore) സഹകരിപ്പിക്കണമോയെന്നതിൽ കോൺഗ്രസിൽ (Congress) നിർണായക ചർച്ച. പ്രശാന്ത് കിഷോറുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ച നടത്തുകയാണ്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നരേഷ് പട്ടേലിനെ കൂടി കോൺഗ്രസിലെത്തിക്കുകയെന്നത് കൂടി ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിൽ ചേരണമെങ്കിൽ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ കോൺഗ്രസിനോട് ഉപാധി വെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസും പ്രശാന്ത് കിഷോറുമായി ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒടുവിൽ കടുത്ത ഭിന്നിപ്പിലാണ് അവസാനിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോര്‍മുല നേതൃത്വം ആരാഞ്ഞതായാണ് വിവരം. ഗ്രൂപ്പ് 23 നനെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്‍റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങളുണ്ടെന്നാണ് വിവരം. 

ഹർദിക് പട്ടേലിനെ ക്ഷണിച്ച് ആം ആദ്മി പാർട്ടി

ഗുജറാത്തിലെ കോൺ​ഗ്രസ് നേതാവ് ഹർദിക് പട്ടേലിനെ ക്ഷണിച്ച് ആം ആദ്മി പാർട്ടി നേതാവ് ​ഗോപാൽ ഇട്ടാലിയ. കോൺ​ഗ്രസിൽ താൻ അതൃപ്തനാണെന്ന് ഹർദിക് പട്ടേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. എന്നാൽ കോൺ​ഗ്രസ് വിടുമെന്ന അഭ്യൂഹം ഹർദിക് പട്ടേൽ നിഷേധിച്ചിരുന്നു. ഗുജറാത്ത് ഘടകത്തിൽ പാർട്ടി നേതൃത്വം തന്നെ മാറ്റിനിർത്തുകയാണെന്നും തന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ തയ്യാറല്ലെന്നും ഹർദിക് പട്ടേൽ ആരോപിച്ചിരുന്നു.

ഹർദിക് പട്ടേൽ കോൺ​ഗ്രസിൽ എന്തിന് സമയം കളയണം. കോൺ​ഗ്രസിൽ താൽപര്യമില്ലെങ്കിൽ അദ്ദേഹം എഎപി പോലുള്ള പാർട്ടിയിൽ ചേരണം. ഹർദിക് പട്ടേൽ അർപ്പണബോധമുള്ള വ്യക്തിയാണെന്നും അദ്ദേഹം തന്റെ സമയം പാഴാക്കാതെ എഎപിയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും ഇട്ടാലിയ പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ​ഹർദിക്കിനെപ്പോലെ അർപ്പണബോധമുള്ള ആളുകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും ഇട്ടാലിയ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ വ്യാഴാഴ്ച പട്ടേൽ തള്ളിയിരുന്നു. സൂറത്തിൽ നടന്ന പരിപാടിയിലാണ് പട്ടേൽ ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹമുണ്ട്, ആരാണ് അങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ലെന്നും പട്ടേൽ പറഞ്ഞു. താൻ പാർട്ടിക്ക് പൂർണമാ‌യി സംഭാവന നൽകിയിട്ടുണ്ട്.  ഭാവിയിലും തുടരും. ഗുജറാത്തിൽ മികച്ച വികസനം നടത്തും. പാർട്ടിക്കുള്ളിൽ ചെറിയ വഴക്കുകളും കുറ്റപ്പെടുത്തലുകളുമുണ്ടാകും. എന്നാൽ ഗുജറാത്തിനെ വികസനത്തിലേക്കുയർത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. സത്യം പറയുന്നത് കുറ്റമാണെങ്കിൽ എന്നെ കുറ്റക്കാരനായി കണക്കാക്കുക. ഗുജറാത്തിലെ ജനങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷകളുണ്ട്, ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും ഹർദിക് പട്ടേൽ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios