
ഫരീദാബാദ്: ഡൽഹി ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ ഷാഹിദ് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. പാസ്‌പോർട്ടിനായി അപേക്ഷിച്ച ഇയാൾ, കൂട്ടാളികൾ പദ്ധതിക്ക് അന്തിമരൂപം നൽകുമ്പോൾ ദുബായിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു . എന്നാൽ, ജമ്മു കശ്മീർ, സഹാറൻപൂർ, ഫരീദാബാദ് എന്നിവിടങ്ങളിലുണ്ടായ അറസ്റ്റുകളോടെ ഭീകര ബന്ധം പുറത്തുവരികയും ഷഹീൻ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പോലീസ് ഇവരെ പിടികൂടുകയും ആയിരുന്നു.
നവംബർ മൂന്നിന് ഫരീദാബാദിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ അൽ-ഫലാഹ് കാമ്പസിൽ എത്തി ഷഹീനിൻ്റെ ചിത്രവും എടുത്തു. ഒടുവിൽ നവംബർ 11-നാണ് ലഖ്‌നൗവിൽ വെച്ച് ഷഹീൻ അറസ്റ്റിലായത്. ഒക്ടോബർ 30 ന് ഷഹീൻ്റെ സഹപ്രവർത്തകനായ ഡോ. മുസമ്മിൽ അഹമ്മദ് ഗാനായി അറസ്റ്റിലായതിന് പിന്നാലെയാണ് ഷഹീനുമായുള്ള ബന്ധം പുറത്തുവന്നത്. മുസമ്മിൽ ഉപയോഗിച്ചിരുന്ന ഷഹീൻ്റെ സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്നാണ് അസോൾട്ട് റൈഫിൾ കണ്ടെടുത്തത്. ഈ കാറാണ് മുസമ്മിൽ സ്ഫോടക വസ്തുക്കളുടെ ശേഖരം ഒരുക്കുന്നതിനായി ഉപയോഗിച്ചതെന്നാണ് സൂചന.
നവംബർ 9 ന് ഫരീദാബാദിൽ വാടകയ്‌ക്കെടുത്ത രണ്ട് സ്ഥലങ്ങളിൽ നിന്ന് പോലീസ് ഏകദേശം 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. അതേ ദിവസം തന്നെ ഷഹീൻ്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയറിൽ നിന്ന് ക്രിങ്കോവ് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇതാണ് പോലീസിനെ ഷഹീനയിലേക്ക് നയിച്ചത്.
നവംബർ 10 ലെ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച 'വൈറ്റ് കോട്ട്' ഭീകര മൊഡ്യൂളുമായി ബന്ധമുള്ള കാറുകളിലൊന്നായ മാരുതി ബ്രെസയും ഷഹീൻ്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കാർ അൽ-ഫലാഹ് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നാണ് കണ്ടെത്തിയത്. മുസമ്മിൽ താമസിച്ചിരുന്ന ടവർ 17 ന് അടുത്താണ് ബ്രെസ നിർത്തിയിട്ടിരുന്നത്. അൽ-ഫലാഹിൽ പ്രവർത്തിച്ചിരുന്ന മൊഡ്യൂളിനെ നയിച്ചിരുന്നത് ഷഹീൻ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഗ്രൂപ്പിലെ ഡോക്ടർമാർക്കിടയിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഷഹീൻ ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. ഇവർ പ്രധാനമായും സ്വന്തം സംസ്ഥാനത്തുനിന്നോ പ്രദേശത്തുനിന്നോ ഉള്ള വിദ്യാർത്ഥികളെയും ഡോക്ടർമാരെയും ആണ് ലക്ഷ്യമിട്ടിരുന്നത്. നിരവധി പേർ ഇപ്പോൾ പോലീസിൻ്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂഹിൽ നിന്ന് കേന്ദ്ര ഏജൻസികൾ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ഡോക്ടർമാർ, ഒരു വളം വിൽപ്പനക്കാരൻ, ഒരു പുരോഹിതൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഫീറോസ്പൂർ ജിർക്കയിൽ നിന്ന് വ്യാഴാഴ്ച രാത്രി രണ്ട് ഡോക്ടർമാരെ പിടികൂടി. ഇതിൽ ഒരാൾ ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ ഇൻ്റേൺഷിപ്പ് ചെയ്യുകയായിരുന്നു. ഇയാൾ നവംബർ 2 വരെ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നു. രണ്ടാമത്തെയാൾ അൽ-ഫലാഹിലെ എംബിബിഎസ് വിദ്യാർത്ഥിയാണ്. റെഡ് ഫോർട്ടിന് സമീപം കാർ പൊട്ടിത്തെറിച്ച് മരിച്ച ഡോ. ഉമർ ഉൻ നബിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കരുതുന്നു. 300 കിലോഗ്രാം അമോണിയം നൈട്രേറ്റ് വിതരണം ചെയ്ത വളം വിൽപ്പനക്കാരനാണ് വെള്ളിയാഴ്ച എൻഐഎ പിനംഗ്‌വാൻ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലെടുത്തത്.