
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിൻറെ രണ്ട് വീഡിയോഗ്രാഫർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഏജൻസികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ നടപടിക്രമങ്ങളുടെ ഭാഗമായാണ് എത്തിച്ചത്. രണ്ട് ദിവസമായി ഈ നടപടികൾ തുടർന്നുവരികയായിരുന്നു. വിദഗ്ധരുടെ സഹായത്തോടെയാണ് കൊണ്ടുപോയത്. രാത്രി 11.20 ഓടെ സ്ഫോടനം സംഭവിച്ചത്. ഇതിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ജമ്മു കാശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി പ്രകാശ് ലോകാന്ദേ പറഞ്ഞു.
കെട്ടിടത്തിന് കേടുപാടുകളുണ്ട്. സ്ഫോടന സ്ഥലം പരിശോധിച്ചു വരികയാണ്. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ അനാവിശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, സ്ഫോടനത്തിൽ മരണ സംഖ്യ 9 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റെന്ന പുതിയ വിവരവും പുറത്തുവരുന്നുണ്ട്. സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്. അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിച്ചു വരികയാണ്. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇരുപത് പേർക്ക് പരിക്കുണ്ട്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഫോറൻസിക്, പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി. ഫരീദാബാദിൽ ഭീകരരുടെ കയ്യിൽ നിന്ന് പിടികൂടിയ അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു.