
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിഫൻസ് റിസർച്ച് & ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ അഥവാ ഡിആർഡിഒ'യുടെ മിസൈൽ ഗവേഷണ സംബന്ധിയായ രഹസ്യങ്ങൾ ചോർത്തിയെടുത്ത് പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐക്കു ചോർത്തി നൽകി എന്ന കുറ്റത്തിന്, സ്ഥാപനത്തിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന താത്കാലിക ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഒഡിഷ കോടതി. ചാന്ദ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റിംഗ് കേന്ദ്രത്തിലുള്ള സിസിടിവി കേന്ദ്രത്തിലെ താത്കാലിക ഫോട്ടോഗ്രാഫർ ആയിരുന്ന ഈശ്വർ ബെഹ്‌റയെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ജോലിയുടെ ഭാഗമായി ഡിആർഡിഒയുടെ ടെസ്റ്റിംഗ് സെന്ററിൽ വന്നിരുന്ന ബെഹ്‌റ, മിസൈലുകളുടെ അടുത്തേക്ക് ചെന്ന്,വീഡിയോ എടുത്തിരുന്നു എന്നും, അതിനു ശേഷം ക്യാമറ റിപ്പയർ ചെയ്യാനെന്ന പേരിൽ കൊൽക്കത്തയ്ക്ക് പോയി അവിടെ വെച്ച് ഈ വിഡിയോകൾ ഐഎസ്‌ഐ ഏജന്റുമാർക്ക് കൈമാറിയിരുന്നു എന്നുമാണ് ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ. പത്തുവട്ടമെങ്കിലും ബെഹ്‌റ തന്റെ ഹാൻഡ്‌ലറുമായി സംസാരിച്ചതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. മാത്രവുമല്ല അബുദാബി, മുംബൈ, മീററ്റ്, ആന്ധ്ര, ബീഹാർ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിൽ നിന്ന് ബെഹ്‌റക്ക് പണം വന്നിരുന്നതായി ഐബി കോടതിയിൽ തെളിവുസഹിതം സമർത്ഥിക്കുന്നുണ്ട്.
ദേശദ്രോഹ കുറ്റം (121 A & B), ഔദ്യോഗിക രഹസ്യ നിയമം എന്നിവ ചുമത്തിയാണ് ബെഹ്‌റയെ കോടതി വിചാരണ ചെയ്തത്. ബെഹ്‌റ ചെയ്തത് ഇന്ത്യയുടെ പരമാധികാരം അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കുറ്റമാണ് എന്നും, അതിനെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാകും എന്നും ഒഡിഷ കോടതി വിധിപ്രസ്താവത്തിൽ നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam