
തിരുവനന്തപുരം: ഗുജറാത്ത് തീരത്തിന് അടുത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് തിരിച്ചു. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് കാർഡ് കപ്പലായ വിക്രം ചരക്ക് കപ്പലിനെ മുംബൈ തീരത്തേക്ക് ഉള്ള യാത്രയിൽ അനുഗമിക്കും. കപ്പലിന്റെ തകരാർ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്ന് കോസ്റ്റ് കാർഡ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 20 ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവന്ന കപ്പലിൽ ഉണ്ടായിരുന്നത്.
കപ്പലിന് നേരെ ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നെന്ന് അമേരിക്ക സ്ഥിരീകരിക്കുന്നു. കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്നും സ്ഥിരീകരിച്ചു. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെൻറഗൺ അറിയിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു. കപ്പൽ തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് കപ്പലിൽ പടർന്ന തീ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം. എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരിക്കേറ്റില്ല.
വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. മേഖലയിൽ ഉളള എല്ലാ ചരക്കു കപ്പലുകൾക്കും ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചരക്കു കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതരുടെ ആക്രമണം പതിവായതോടെ പല കമ്പനികളും ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചിരിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം നിർത്താതെ കപ്പലുകൾക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ല എന്നാണ് ഹൂത്തികളുടെ വാദം. ഹൂത്തികളുടെ ഈ വെല്ലുവിളിക്ക് പിന്നാലെയാണ് അറബിക്കടലിലും ആക്രമണം ഉണ്ടായിരിക്കുന്നത്.
Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam