
ചണ്ഡീഗഡ്: ലഹരിമരുന്ന് വാങ്ങാൻ പണമില്ല. ആറുമാസം പ്രായമുള്ള ആൺകുട്ടിയെ ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ. മകനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങുകയും ചെയ്തു. പഞ്ചാബിലെ മാൻസ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം പുറത്ത് വരുന്നത്. കുട്ടിയെ ഇവരിൽ നിന്ന് വീണ്ടെടുത്ത പൊലീസ് രണ്ട് കുടുംബത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ സന്ദീപ് സിങ്, ഗുര്‍മാന്‍ കൗര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഏകമകനെയാണ് ലഹരിമരുന്നിനായി വിറ്റതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സഞ്ജു സിങ് എന്ന ആക്രി വ്യാപാരിയാണ് കുട്ടിയെ വാങ്ങിയത്. മാൻസയിലെ അക്ബർപൂർ ഖുദൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയെ കണ്ടെത്തിയതായി ശനിയാഴ്ചയാണ് പൊലീസ് വ്യക്തമാക്കിയത്. 1.80ലക്ഷം രൂപയ്ക്കാണ് ദമ്പതികൾ ആറ് മാസം പ്രായമുള്ള ആൺകുട്ടിയെ ആക്രി വ്യാപാരിക്ക് വിറ്റത്. ബുധ്ലാധയിലുള്ള ആക്രി വ്യാപാരിയാണ് കുട്ടിയെ വാങ്ങിയത്. നാല് പെൺമക്കളുള്ള ആക്രി വ്യാപാരി ദമ്പതികളിൽ നിന്ന് ദത്ത് നൽകുന്നതിനുള്ള സമ്മത പത്രവും വാങ്ങിയിരുന്നു. ഗുസ്തി താരമായിരുന്നു കുട്ടിയുടെ അമ്മ. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ലഹരിമരുന്നിനും വീട്ടുസാധനങ്ങൾ വാങ്ങാനും ഉപയോഗിച്ചതായാണ് വിവരം.
വിവാഹ ശേഷമാണ് യുവതി ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നാണ് സഹോദരി പൊലീസിനോട് വിശദമാക്കിയത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞുള്ളത്. സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഭീഷണി സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മയക്കുമരുന്ന് ഭീഷണിയെ അവഗണിക്കുകയാണെന്നും സംസ്ഥാനത്തിന് കളങ്കമുണ്ടാക്കുന്നതാണ് സംഭവമെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്വ ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam