
സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ മദ്യലഹരിയിൽ വാഹനമോടിച്ച ഓട്ടോ ഡ്രൈവർ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയെ 100 മീറ്ററിലധികം ദൂരം വലിച്ചിഴച്ചു. സംഭവത്തിൽ പരിക്കേറ്റ പൊലീസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.
സത്താറ നഗരത്തിലെ ഒരു ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരി ഭാഗ്യശ്രീ ജാദവിനെയാണ് ഓട്ടോ ഡ്രൈവർ ദേവ്‌രാജ് കാലെ ആക്രമിച്ചത്. പരിശോധനയ്ക്കായി കൈകാണിച്ചപ്പോൾ നിർത്താതെ പോകാൻ ശ്രമിച്ച ഓട്ടോയുടെ മുൻവശത്ത് ഭാഗ്യശ്രീ പിടിക്കുകയായിരുന്നു. എന്നാൽ, നിർത്താൻ തയ്യാറാകാത്ത ഡ്രൈവർ പോലീസുകാരിയെയും കൊണ്ട് ഓട്ടോ മുന്നോട്ടെടുത്തു.
സിസിടിവി. ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, 120 മീറ്ററോളം ദൂരമാണ് ഓട്ടോ പൊലീസുകാരിയെ വലിച്ചിഴച്ചത്. വഴിയാത്രക്കാർ ഇടപെട്ട് ഓട്ടോ തടഞ്ഞതിനെ തുടർന്നാണ് വാഹനം നിന്നത്. അവർ ഡ്രൈവറെ പിടികൂടുകയും പൊലീസുകാരിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന്, പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഭാഗ്യശ്രീ ജാദവ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.