
ചെന്നൈ: അർദ്ധരാത്രിക്ക് ശേഷം ബസ് സ്റ്റാൻഡിൽ കയറി മോഷ്ടിച്ച യുവാവ് പിടിയിലായി. ചെന്നൈയിലെ അക്കരൈയിലാണ് സംഭവം. ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ആണ് മോഷ്ടിച്ചു കൊണ്ടുപോയത്. പോകുന്ന വഴിക്ക് ബസ് ഒരു ലോറിയുമായി കൂട്ടിയിടിക്കുകയും ചെയ്തു.
ബെസന്റ് നഗർ സ്വദേശിയായ എബ്രഹാം എന്നയാളാണ് പിടിയിലായത്. ചെന്നൈയിൽ ഒരു കാർ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മദ്യ ലഹരിയിലാണ് രാത്രി ബസ് സ്റ്റാൻഡിൽ കയറി ബസ് മോഷ്ടിച്ചത്. ഏതാനും ദിവസം മുമ്പ് ഒരു എംടിസി ബസിലെ കണ്ടക്ടർ തന്നോട് മോശമായി പെരുമാറിയെന്നും അതിനുള്ള പ്രതികാരമായാണ് ബസ് മോഷ്ടിച്ചതെന്നുമാണ് ഇയാൾ പിന്നെ പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുവൻമിയൂർ ബസ് ടെർമിനലിൽ നിന്നാണ് ബസ് എബ്രഹാം ബസ് എടുത്തുകൊണ്ടുപോയത്. രാത്രി വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല. മദ്യലഹരിയിൽ വാഹനം ഓടിച്ച് സ്റ്റാൻഡിൽ നിന്ന് പുറത്തിറക്കി നേരെ ഈസ്റ്റ് കോസ്റ്റ് റോഡിലേക്ക് നീങ്ങി. വാഹനം തോന്നിയപോലെ ഓടിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ ഒരു കോൺക്രീറ്റ് മിക്സർ ട്രക്കുമായി കൂട്ടിയിടിച്ചു. അക്കരൈ ചെക് പോസ്റ്റിന് സമീപത്തു വെച്ചായിരുന്നു ഈ കൂട്ടിയിടി. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അപകടം കണ്ടവരും ഈ സമയം റോഡിലുണ്ടായിരുന്നവരും ബസിന്റെ പോക്ക് കണ്ട് ഭയന്ന് പൊലീസിനെ വിവരം അറിയിച്ചു. ലോറി ഡ്രൈവറും പൊലീസിനെ വിളിച്ചു. മദ്യലഹരിയിൽ ബസ് ഓടിച്ചയാളാണ് അപകടമുണ്ടാക്കിയതെന്ന് ലോറി ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും നിർത്താതെ മുന്നോട്ട് നീങ്ങിയ ബസിനെ അൽപനേരം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം