67 രൂപയുടെ ടിക്കറ്റിൻ്റെ പേരിൽ കണ്ടക്‌ടറോട് നിയമപോരാട്ടം നടത്തിയത് നീണ്ട 32 വർഷം; ഒടുവിൽ ദില്ലി ട്രാൻസ്പോർട് കോർപറേഷന് തിരിച്ചടി; 1 ലക്ഷം പിഴയടക്കണം

Published : Sep 05, 2026, 05:31 PM IST
Bus conductor

Synopsis

വെറും 67 രൂപയുടെ ടിക്കറ്റ് വിതരണ തർക്കത്തിൽ കണ്ടക്ടർക്കെതിരെ 32 വർഷം നിയമപോരാട്ടം നടത്തിയ ദില്ലി ട്രാൻസ്പോർട് കോർപറേഷന് (ഡിടിസി) ദില്ലി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിസ്സാര വിഷയത്തിൽ പൊതുപണം ദുരുപയോഗം ചെയ്തതിനാണ് നടപടി. കണ്ടക്ടർക്ക് അനുകൂലമായ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധി കോടതി ശരിവെക്കുകയും ചെയ്തു.

ദില്ലി: വെറും 67 രൂപയുടെ ടിക്കറ്റ് വിതരണ തർക്കത്തിൽ 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ടതിലും കണ്ടക്‌ടർക്കെതിരെ 32 വർഷത്തെ നിയമപോരാട്ടം നടത്തിയ ദില്ലി ട്രാൻസ്പോർട് കോർപറേഷന് കനത്ത തിരിച്ചടി. ഇത്തരം നിസാര വിഷയത്തിൽ പൊതുപണം വൻതോതിൽ ദുരുപയോഗം ചെയ്ത് നിയമനടപടികൾ നീട്ടിക്കൊണ്ടുപോയതിന് ട്രാൻസ്പോർട് കോർപറേഷന് ദില്ലി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിസ്സാര തർക്കത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

1994 നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്ന് 67 രൂപ ഈടാക്കിയെങ്കിലും ടിക്കറ്റ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടർക്കെതിരായ ആരോപണം. ഇതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടക്ടർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെങ്കിലും ഡിടിസി അധികൃതർ ഇത് അംഗീകരിച്ചില്ല. തുടർന്ന് 1996 ആഗസ്റ്റിൽ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കണ്ടക്ടർ സമർപ്പിച്ച അപ്പീലിൽ 1998-ൽ ഡിടിസി ചെയർമാൻ ഇയാളെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. എന്നാൽ, ശമ്പള സ്കെയിൽ വെട്ടിക്കുറച്ച് ജോലിയിൽ നിന്ന് മാറിനിന്ന കാലയളവിലെ കുടിശ്ശിക നിഷേധിച്ചു. തുടർന്ന് കണ്ടക്ടർ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിച്ചു. 2004-ൽ ട്രൈബ്യൂണൽ ശിക്ഷാനടപടി നിയമവിരുദ്ധമാണെന്ന് വിധിക്കുകയും കണ്ടക്ടർക്ക് മുൻകാല പ്രാബല്യത്തോടെയുള്ള മുഴുവൻ വേതനത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ 2005-ൽ ഡിടിസി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ജസ്റ്റിസ് അമിത് മഹാജൻ കേസ് തള്ളി. ട്രൈബ്യൂണലിന്റെ വിധി ശരിവെച്ചു. 17 മാസത്തെ വേതനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ 32 വർഷത്തോളം കേസ് നടത്തിയത് നിയമസംവിധാനത്തോടുള്ള അനാദരവും പൊതുപണം പാഴാക്കിയതാണെന്നും കോടതി വിമർശിച്ചു. കോടതി ചുമത്തിയ 1 ലക്ഷം രൂപ പിഴയിൽ 25,000 രൂപ വീതം കണ്ടക്ടർക്കും ദില്ലി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിക്കും നൽകണം. ബാക്കി 50,000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അടയ്‌ക്കേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്, ബ്രിട്ടാസും ജോസ് കെ മാണിയും എം പി ലാഡ്സ് സമിതിയിൽ; വിവിധ സമിതികൾ പുനസംഘടിപ്പിച്ച് ചെയർമാൻ
ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം; മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ