മല്ലികാർജുൻ ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരും. രാജ്യസഭാ ചെയർമാൻ പാർലമെന്ററി സമിതികൾ പുനസംഘടിപ്പിച്ചതോടെയാണ് ഈ തീരുമാനം. കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസും ജോസ് കെ മാണിയും എം പി ലാഡ്സ് സമിതിയിൽ അംഗങ്ങളായി
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു. കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജ്യസഭയിലെ വിവിധ പാർലമെന്ററി സമിതികൾ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി പി രാധാകൃഷ്ണൻ പുനസംഘടിപ്പിച്ചതിലൂടെയാണ് ഖർഗെക്ക് പുനർനിയമനം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഖർഗെ കർണാടകത്തിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 29 ന് തന്നെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുയും ചെയ്തിരുന്നു. ഇന്ന് പാർലമെന്ററി സമിതികൾ രാജ്യസഭാ ചെയർമാൻ പുനസംഘടിപ്പിച്ചതോടെയാണ് നിയമനം യാഥാർത്ഥ്യമായത്. തമ്പി ദുരൈ വൈസ് ചെയർമാൻമാരുടെ പാനലിൽ ഇടം നേടി.
ബ്രിട്ടാസും ജോസ് കെ മാണിയും എം പി ലാഡ്സ് സമിതിയിൽ
കൂടാതെ, എം പി ഫണ്ട് നിയന്ത്രിക്കുന്ന എം പി ലാഡ്സ് (MPLADS) സമിതിയിലേക്ക് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ ഡോ. ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് അഡ്വൈസറി കമ്മിറ്റി, പ്രിവിലേജ് കമ്മിറ്റി, എഥികസ് കമ്മിറ്റി, ഗവൺമെന്റ് അഷ്വറൻസ് കമ്മിറ്റി തുടങ്ങി സുപ്രധാനമായ മറ്റ് സമിതികളിലേക്കും പുതിയ അംഗങ്ങളെ ചെയർമാൻ നാമനിർദ്ദേശം ചെയ്തു. വിവിധ സമിതികളിൽ സാം സതീഷ് ബാബു, തരുൺ ചുഗ്, സുസ്മിത ദേവ്, ഹരീഷ് ബീരാൻ, സഞ്ജയ് സേത്ത്, ഉപേന്ദ്ര കുശ്വാഹ തുടങ്ങിയ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷന്മാരായി മുകുൾ വാസ്നിക്, തിരുച്ചി ശിവ, രാഘവ് ചദ്ദ തുടങ്ങിയവരെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
