
ദില്ലി: ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത. മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്. അതിശക്തമായ കാറ്റിൽ കൃഷി നശിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുൽവീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാൻ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിത സ്ഥാനത്ത് അഭയം തേടണമെന്നും ഒരു കാരണവശാലും മരങ്ങൾക്ക് ചുവട്ടിൽ പോയി നിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ന് വൈകിട്ടോടെ ദില്ലിയിൽ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അതിശക്തമായി കാറ്റ് വീശുമെന്നുള്ള മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്. ദില്ലിക്ക് പുറമെ ലോണി ദെഹത്, ഹിൻഡൺ എഎഫ് സ്റ്റേഷൻ, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രോല, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും അതിശക്തമായി കാറ്റ് വീശും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam