
തൃണമൂൽ കോൺഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും. പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. ചാർട്ടഡ് വിമാനങ്ങൾ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, എല്ലാ ഇടപാടുകളും സുതാര്യമായാണ് പാർട്ടി നടത്തിയതെന്നും ടിഎംസി ജന സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ പേരിലുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. 2023 ഏപ്രിലിനും 2026 ജൂണിനും ഇടയിൽ പാർട്ടിയുടെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ 'കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്'എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും മാറ്റിയതായി ഇഡി കണ്ടെത്തി. വകമാറ്റിയ തുകയിൽ നിന്ന് 112 കോടി രൂപ ഉപയോഗിച്ച് ഒരു 'എംബ്രായർ ലെഗസി 600' ബിസിനസ് ജെറ്റും 'അഗസ്റ്റ 109 ഗ്രാൻഡ്ന്യൂ' ഹെലികോപ്റ്ററും വാങ്ങിയതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.
നടപടി പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. പാർട്ടിയുടെ എല്ലാ ബാങ്ക് നിക്ഷേപങ്ങളും സുതാര്യമാണെന്നും, ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ കൃത്യമായി ഇലക്ഷൻ കമ്മീഷനും ആദായനികുതി വകുപ്പിനും സമർപ്പിച്ചിട്ടുണ്ടെന്നും ടിഎംസി നേതൃത്വം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam