ഷിമോഗയിലെ പിജി ഹോസ്റ്റലിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു.
ഷിമോഗ: കർണാടകയിലെ ഷിമോഗയിൽ പി ജി ഹോസ്റ്റലിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പെൺകുട്ടിയെ ഹോസ്റ്റൽ വാർഡൻ ഉൾപ്പെട്ട നാലംഗ സംഘം മാലിന്യ കുഴിയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഒരു വർഷത്തിനുശേഷം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷിമോഗയ്ക്കടുത്ത് ശിക്കാരിപ്പുരയിൽ പിജി ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവ്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പെൺകുട്ടി ജോലി തേടി എത്തിയതായിരുന്നു ഈ പിജി ഹോസ്റ്റലിൽ. ഒരു വർഷം മുമ്പ് ഇവരെ ഇവിടെനിന്ന് കാണാതായെങ്കിലും പോലീസിൽ പരാതി എത്തിയത് കഴിഞ്ഞ ആഴ്ച മാത്രമാണ്. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത നീങ്ങിയത്. പിജി നടത്തിപ്പുകാരിയായ സൗഭാഗ്യ, ഭർത്താവ് ഗംഗാ നായിക്, സുഹൃത്ത് രഞ്ജിത, സഹായി പീര നായിക് എന്നിവരാണ് അറസ്റ്റിലായത്. തങ്ങളെക്കുറിച്ച് അപവാദം പറയുന്നു എന്ന് ആരോപിച്ച് സൗഭാഗ്യ ഉൾപ്പെടുന്ന സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് സ്വന്തം മുറിയിൽ എത്തി പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം അറിഞ്ഞ സൗഭാഗ്യയും സംഘവും പൊലീസുകാരെ വിവരമറിയിക്കുന്നതിന് പകരം മൃതദേഹം സ്യൂട്ട്ക്കേസിൽ ആക്കി അല്പം അകലെ ഒരു മാലിന്യ കുഴിയിൽ തള്ളുകയായിരുന്നു. അമ്മയില്ലാത്ത പെൺകുട്ടിയെ ആരും അന്വേഷിച്ച് എത്താത്തതിനാൽ തിരോധാനം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച പെൺകുട്ടിയുടെ ഒരു ബന്ധു പൊലീസിൽ പരാതി നൽകിയതോടെയാണ് തിരോധാനക്കേസിൽ അന്വേഷണം ആരംഭിച്ചത്.
പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടി ആരെയും ഫോണിൽ വിളിച്ചിരുന്നില്ല എന്ന് വ്യക്തമായി.അവസാനം വിളിച്ചത് രഞ്ജിതയുടെ നമ്പറിലേക്ക് ആണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് അവരെ ചോദ്യം ചെയ്തത്. ഇതോടെയാണ് സത്യം പുറത്തുവന്നത്. പ്രതികളെ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മാലിന്യ കുഴിയിൽ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


