
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കാറിന് നേരെ മുട്ടയേറും കല്ലേറും. കൊൽക്കത്ത എംഎൽഎ കുനാൽ ഘോഷ് സഞ്ചരിച്ച വാഹനത്തിന് നേരെ ആണ് മുട്ടയേറ് ഉണ്ടായത്. ശനിയാഴ്ച ഹൂഗ്ലിയിലെ ശ്രീറാപുരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുംവഴി ഉത്തർപാര മേഖലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരുസംഘം 'ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി വാഹനം വളയുകയായിരുന്നു. ഇതിന് പിന്നാലെ വാഹനത്തിന് നേരെ മുട്ടയും കല്ലും എറിഞ്ഞു. ആക്രമണത്തിൽ കാറിൻ്റെ പിൻഭാഗത്തെ ചില്ല് തകർന്നു.
സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കുനാൽ ഘോഷ് എക്സിലൂടെ രംഗത്തെത്തി. ആക്രമണത്തെ ജംഗിൾ രാജ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഭവസ്ഥലത്ത് ഒരു പൊലീസുകാരൻ പോലും ഇല്ലായിരുന്നുവെന്നും പറഞ്ഞു. "ഇത് ജംഗിൾ രാജ് ആണ്. അവർ എന്റെ കാറിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. അവിടെ പൊലീസുകാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ ഇപ്പോൾ കൊൽക്കത്തയിലേക്ക് മടങ്ങുകയാണ്, പരാതി നൽകാൻ നേരെ ലാൽ ബസാറിലേക്കോ ഭവാനി ഭവനിലേക്കോ പോകും"- കുനാൽ ഘോഷ് എക്സിൽ കുറിച്ചു.
#WATCH | West Bengal: TMC MLA Kunal Ghosh says that eggs were hurled at his car and a group of people attacked the car while he was going to Serampore, Hooghly, for a rally of former CM Mamata Banerjee.
(Video Source: Kunal Ghosh) pic.twitter.com/yH6jvA5AOw— ANI (@ANI) September 26, 2026
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതികരിച്ച മമത ബാനർജി, തൻ്റെ റാലിയിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ബിജെപിയും പൊലീസും ശ്രമം നടത്തുകയാണെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും ആരോപിച്ചു. ബിജെപി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് തൃണമൂൽ നേതാവ് ആസിത് മജൂംദാർ ആരോപിച്ചു. ശനിയാഴ്ച വൈകുന്നേരം ശ്രീറാപുരിൽ മമത ബാനർജിയുടെ റാലി നടക്കാനിരിക്കെയാണ് എംഎൽഎയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കൊൽക്കത്ത ഹൈക്കോടതി ഉപാധികളോടെ ആണ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam