
ദില്ലി: പരിസ്ഥിതി ആഘാത പഠനം 2020ന്‍റെ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. എതിര്‍പ്പുകൾ ഉണ്ടെങ്കിൽ കേന്ദ്രത്തിന് ഹൈക്കോടതിയെ തന്നെ സമീപിക്കാം. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം ഇറക്കാൻ എന്താണ് തടസമെന്നും കോടതി ചോദിച്ചു.
"
പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം എല്ലാ പ്രാദേശിക ഭാഷകളിലും പുറത്തിറക്കി പൊതുജനാഭിപ്രായം തേടണമെന്ന് ജൂണ്‍ 30ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സമാനമായ കേസിൽ കേന്ദ്രത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിലും ചോദ്യങ്ങൾ ഉയര്‍ന്നു. രണ്ട് കോടതിയിലെയും നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്രത്തോട് ഹൈക്കോടതികളെ തന്നെ സമീപിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഔദ്യോഗിക ഭാഷാനിയമം അനുസരിച്ച് ഹിന്ദിയും ഇംഗ്ളീഷും മാത്രമാണ് അംഗീകരിച്ചിരിക്കുന്നതെന്നായിരുന്നു കേന്ദ്ര നിലപാട്. ആ നിയമം ഭേദഗതി ചെയ്യാവുന്നതല്ലേ എന്ന് കോടതി ചോദിച്ചു. ഉൾനാടൻ ഗ്രാമങ്ങളിൽ ഉള്ളവര്‍ക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയണമെന്നില്ല. പാര്‍ലമെന്‍റ് നടപടികളിൽ പോലും പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം പരിസ്ഥിതി സെക്രട്ടറിക്കെതിരെ ദില്ലി ഹൈക്കോടതിയിലുള്ള കോടതി അലക്ഷ്യകേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam