'ഇഐഎ വിജ്ഞാപനം കരട് മാത്രമല്ലേ?', എതിർപ്പ് അപക്വമെന്ന് പരിസ്ഥിതി മന്ത്രി, പ്രതിഷേധം

By Web TeamFirst Published Aug 10, 2020, 5:46 PM IST
Highlights

പരിസ്ഥിതി പ്രവര്‍ത്തകരുടെയും യുവാക്കളുടെയും സമാനതകളില്ലാത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും തുടരുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തീരുമാനം തിടുക്കപ്പെട്ട് കേന്ദ്രം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

ദില്ലി: പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം അനവസരത്തിലെന്ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് കരട് വിജ്ഞാപനം മാത്രമാണ്. ഇതിനെതിരെ ഇപ്പോൾ പ്രതിഷേധമുയർത്തുന്നത് അപക്വമാണെന്നാണ് മന്ത്രി പറയുന്നത്. 

ഇതിനിടെ, വിജ്ഞാപനത്തിന്‍റെ കരടിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. സമൂഹ മാധ്യമത്തിലടക്കം തുടരുന്ന വലിയ പ്രതിഷേധങ്ങൾക്കിടെ അന്തിമ വിജ്ഞാപന ഇറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. 

പരിസ്ഥിതി പ്രവര്‍ത്തകരുടെയും യുവാക്കളുടെയും സമാനതകളില്ലാത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും തുടരുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തീരുമാനം തിടുക്കപ്പെട്ട് കേന്ദ്രം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കരട് വിജ്ഞാപനങ്ങൾക്ക് മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം നൽകാനുള്ള സമയം 30 ദിവസം എന്നത് 20 ദിവസമായി വെട്ടിക്കുറച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും കേസുകളുണ്ട്. 

പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും പരിസ്ഥിതി ആഘാത പഠനത്തിനുള്ള പുതിയ നിര്‍ദ്ദേശങ്ങൾ പരിസ്ഥിതിക്ക് ദോഷമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിരവധിപേരുടെ അഭിപ്രായങ്ങൾ കിട്ടിയിട്ടുണ്ടെന്നും അവ പരിശോധിച്ച് അന്തിമ വിജ്ഞാപനത്തിന്‍റെ കരട് തയ്യാറാക്കിയ ശേഷം വീണ്ടും ചര്‍ച്ച നടക്കുമെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

''കരട് വിജ്ഞാപനത്തിനെതിരെയാണ് ഇപ്പോൾ എല്ലാവരും പ്രതിഷേധിക്കുന്നത്. അന്തിമ വിജ്ഞാനം വരെ ആര്‍ക്കും ക്ഷമയില്ല. ഇത് അനാവശ്യവും അനവസരത്തിലും ഉള്ളതാണ്'', എന്നാണ് മന്ത്രി പറയുന്നത്.

100 ഹെക്ടര്‍ വരെയുള്ള ഖനികൾ, പെട്രോളിയം പദ്ധതികൾ, ഡിസ്റ്റിലറികൾ തുടങ്ങി ഏത് പദ്ധതികൾക്കും ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ പരിസ്ഥിതി അനുമതി ആവശ്യമില്ല എന്നാണ് ഇഐഎ 2020-യുടെ കരടിലെ പ്രധാനചട്ടം. പാരിസ്ഥിതികാനുമതി നൽകണോ വേണ്ടയോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. 5 ഹെക്ടര്‍ വരെയുള്ള ക്വാറികൾക്ക് ആഘാത പഠനം വേണ്ട, ഒന്നര ലക്ഷം സ്ക്വയര്‍ മീറ്റര്‍ വരെയുള്ള നിര്‍മ്മാണങ്ങൾക്കുള്ള അനുമതിക്കും കേന്ദ്രത്തെ സമീപിക്കേണ്ട, നടപ്പ് പദ്ധതികളിൽ 25 ശതമാനത്തിലധികം മാറ്റം ഇല്ലെങ്കിൽ പരിസ്ഥിതി അനുമതി ആവശ്യമില്ല, 50 ശതമാനത്തിലധികം മാറ്റമുണ്ടെങ്കിലേ പൊതുജനങ്ങളുടെ അഭിപ്രായം തേടേണ്ടൂ, പരിസ്ഥിതി നിയമം പാലിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വര്‍ഷത്തിലൊരിക്കൽ വ്യവസായ സ്ഥാപനങ്ങൾ നൽകിയാൽ മതി എന്നിവയൊക്കെയാണ് വിവാദമായ മറ്റ് ചട്ടങ്ങൾ. വ്യാപകമായി പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കുന്നവയാണ് കരടിലെ ചട്ടങ്ങളെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 

എന്താണ് ഇഐഎ 2020? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശം വിശദീകരിക്കുന്നു:

click me!