
ഉത്തരാഖണ്ഡിലെ ഒരു വീട്ടിൽ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്പാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളിൽ.
ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്ന് തന്റെ കാലിനടിയിൽകൂടി ഇഴഞ്ഞുനീങ്ങുമ്പോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങൾ ചിത്രീകരിച്ചതാണ് വീഡിയോയിൽ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്പിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡിൽ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതിൽ സോഷ്യൽ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഒരു വലിയ രാജവെമ്പാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്പോൾ, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്പിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാൾ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്പാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്പുമായി മുഖാമുഖം എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വലിയ അപകട സാധ്യതയുള്ള സാഹചര്യം, അപ്പോഴും വീഡിയോ പകര്‍ത്തുകയാണ് യുവാവ്. ഒടുവിൽ, രാജവെമ്പാല തനിക്ക് നേരെ വരികയാണെന്ന് തോന്നിപ്പിപ്പുന്ന സാഹചര്യത്തിൽ മാത്രമാണ് യുവാവ് പരിഭ്രാന്തനായി കട്ടിലിൽ നിന്ന് ചാടി ഇറങ്ങുകയും ചെയ്യുന്നത്.
രാജവെമ്പാലയെപ്പോലുള്ള വിഷ പാമ്പുകൾ ഏറെ കാണപ്പെടുന്ന ഉത്തരാഖണ്ഡിലാണ് ഈ സംഭവം നടന്നത്. എന്നാൽ ഇത് എപ്പോൾ സംഭവിച്ചതാണെന്നോ, ദൃശ്യങ്ങൾ യഥാർത്ഥമാണോ എന്നോ വ്യക്തമല്ല. പാമ്പ് എങ്ങനെയാണ് യുവാവിന്റെ കിടപ്പുമുറിയിലെത്തിയതെന്നും, എന്തുകൊണ്ടാണ് അയാൾ ഇത്രയും ശാന്തമായി ഇരുന്നുവെന്നും അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ കാഴ്ച്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കുന്നത്.