
ദിസ്പൂർ: 'ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്' റിയാലിറ്റി ഷോയിൽ ചടുലമായ നൃത്തം കൊണ്ട് വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ച് അസമിൽ നിന്നുള്ള കൊച്ചുമിടുക്കി. എട്ട് വയസ്സുകാരി ബിനിത ഛേത്രിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും തരംഗമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ബിനിതയെ പ്രശംസിച്ച് രംഗത്തെത്തി.
"എന്‍റെ പേര് ബിനിത ഛേത്രി. എനിക്ക് എട്ട് വയസ്. ഞാൻ ഇന്ത്യയിലെ അസമിൽ നിന്നാണ് വരുന്നത്. 'ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്' എന്‍റെ സ്വപ്ന വേദിയാണ്. എനിക്ക് വിജയിക്കണം. എന്നിട്ട് വേണം 'പിങ്ക് പ്രിൻസസ് ഹൗസ്' വാങ്ങാൻ"- എന്നാണ് നൃത്തത്തിന് മുന്നോടിയായി ബിനിത ആത്മവിശ്വാസത്തോടെ പറഞ്ഞത്.
കുഞ്ഞുപ്രായത്തിലെ അസാമാന്യ മെയ്‍വഴക്കം കൊണ്ടാണ് ബിനിത വിധികർത്താക്കളെയും സദസ്സിനെയും കയ്യിലെടുത്തത്. ബിനിതയുടെ ഓരോ ചുവടിനെയും നിറഞ്ഞ കയ്യടികളോടെ വിധികർത്താക്കളും കാണികളും പ്രോത്സാഹിപ്പിച്ചു. നൃത്തത്തിനൊടുവിൽ വിധികർത്താക്കൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. അതിശയകരമായ പ്രകടനം എന്നാണ് ജഡ്ജസ് പറഞ്ഞത്- "കടുവയുടെ കരുത്തുണ്ടായിരുന്നു. ഇന്ത്യൻ ടച്ചുള്ള പുതുമയുള്ള അതിശയിപ്പിക്കുന്ന നൃത്തം"
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമൂഹ മാധ്യമമായ എക്സിൽ ബിനിതയുടെ വീഡിയോ പങ്കുവച്ച് കുറിച്ചത് 'അസമിൽ നിന്ന് യുകെയിലേക്കുള്ള യാത്ര' എന്നാണ്. അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ച കൊച്ചുമിടുക്കിക്ക് മുഖ്യമന്ത്രി ആശംസകളും നേർന്നു.
"വെറും 8 വയസ്സ്. വേൾഡ് ക്ലാസ്. കഠിനമായ പരിശീലനത്തിലൂടെയേ ഈ മെയ്‍വഴക്കം സാധ്യമാകൂ" എന്നാണ് ആനന്ദ് മഹീന്ദ്ര ബിനിത ഛേത്രിയെ പ്രശംസിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം