കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവം: ബിജെപി മുൻ മന്ത്രി ഷിയോപൂരിലെ സ്കൂളിൽ, കുട്ടികൾക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ചു

Published : Nov 09, 2025, 12:40 PM IST
BJP minister Ramniwas Rawat visits school in Sheopur

Synopsis

ബിജെപി നേതാവും മുൻ മന്ത്രിയുമായ റാംനിവാസ് റാവത്ത് സ്കൂളിലെത്തുകയും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.  കുട്ടികൾക്കൊപ്പം നിലത്തിരുന്നാണ് മന്ത്രിയും ഭക്ഷണം കഴിച്ചത്. എസ്ഡിഎമ്മും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു.

ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ കുട്ടികൾക്ക് നിലത്ത് പേപ്പറിട്ട് ഭക്ഷണം വിളമ്പിയ സംഭവത്തിൽ മുഖം രക്ഷിക്കാൻ ബിജെപി. ബിജെപി നേതാവും മുൻ മന്ത്രിയുമായ റാംനിവാസ് റാവത്ത് സ്കൂളിലെത്തുകയും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇന്നലെ സ്കൂളിൽ അധികൃതർ സ്റ്റീൽ പ്ലേറ്റ് എത്തിച്ചിരുന്നു. കുട്ടികൾക്കൊപ്പം നിലത്തിരുന്നാണ് മന്ത്രിയും ഭക്ഷണം കഴിച്ചത്. എസ്ഡിഎമ്മും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു. കുറ്റക്കാരെ എല്ലാവരെയും സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടി ഉറപ്പാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

മധ്യപ്രദേശിലെ ഹൽപൂർ ഗ്രാമത്തിലെ മിഡിൽ സ്കൂളിൽ സ്കൂൾ കുട്ടികൾക്കാണ് തറയിൽ പേപ്പർ ഷീറ്റുകളിൽ ഉച്ചഭക്ഷണം നൽകിയത്. പാത്രങ്ങളോ സ്പൂണോ പോലും കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ നൽകിയിരുന്നില്ല. വെറും നിലത്ത് വരിയായി ഇരുന്ന് പഴയ പത്രത്തിന്റെ കഷ്ണത്തിൽ വിളമ്പിയ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ കാണാനെത്തിയ ആളാണ് എന്ന് വിശേഷിപ്പിച്ച ആളുടെ സാന്നിധ്യത്തിലായിരുന്നു ഭക്ഷണ വിതരണം. ഇയാൾക്ക് സ്കൂളുമായി ബന്ധമില്ലെന്ന് ഇയാൾ തന്നെ വീഡിയോയിൽ വിശദമാക്കിയിരുന്നു.

ഹൽപൂരിലെ പ്രൈമറി, മിഡിൽ സ്കൂളുകൾ ഒരേ കാമ്പസിലാണ് പ്രവർത്തിക്കുന്നതെന്നും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള കരാർ ജയ് സന്തോഷി മാ സ്വയം സഹായ സംഘത്തിനാണെന്നും അന്വേഷണ റിപ്പോർട്ട് വിശദീകരിക്കുന്നു. അഞ്ച് പേരാണ് ഈ പാചക സംഘത്തിലുള്ളത്. മൂന്ന് പേർ ഭക്ഷണം ഉണ്ടാക്കാനും രണ്ട് പേർ പാത്രങ്ങൾ കഴുകാനുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. സംഭവ ദിവസം രണ്ട് ജീവനക്കാരില്ലാത്തതിനാൽ പാത്രങ്ങൾ കഴുകിയില്ല. ഇതോടെയാണ് സ്‌കൂൾ ജീവനക്കാർ കടലാസിൽ ചപ്പാത്തി വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ജയ് സന്തോഷി മാ സ്വയം സഹായ സംഘവുമായുള്ള കരാർ വിവാദത്തെ തുടർന്ന് റദ്ദാക്കി. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള ഉത്തരവാദിത്തം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറുകയും സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ