
ദില്ലി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൌജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൌജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും. ഇത് സംബന്ധിച്ച നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച രംഗത്ത് എത്തി. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഇതാണ്, നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങളില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ പോകുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടർമാരെ അറിയിക്കാനും നിർദ്ദേശിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
ഒക്‌ടോബർ 19-നകം ഈ വിഷയത്തില്‍ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായം തേടും. ഇവ കൂടി പരിഗണിച്ചാണ് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആവശ്യമായ ഭേദഗതികൾ വരുത്തുക. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ അവകാശത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നുകയറുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഈ നിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത്.
ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാര്യമല്ല. ഇത് തെരഞ്ഞെടുപ്പ് രീതിയുടെ അന്തസത്തയ്ക്കും ആത്മാവിനും എതിരാണ്, ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇത്തരം ഒരു ഇടപെടല്‍ മുന്‍പുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നെങ്കില്‍ രാജ്യത്ത് പതിറ്റാണ്ടുകളായി മാറ്റങ്ങളുണ്ടാക്കിയ ക്ഷേമ, സാമൂഹിക വികസന പദ്ധതികളൊന്നും യാഥാർത്ഥ്യമാകുമായിരുന്നില്ലെന്ന് ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളെ അടുത്തിടെ പ്രധാനമന്ത്രി പരിഹസിച്ചതിന് സമാനമായ അഭിപ്രായമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എന്ന് മനസിലായതായി രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്‍ററി നേതാവ് ഡെറക് ഒബ്രിയൻ അഭിപ്രായപ്പെട്ടു.
എന്താണ് ഇവിടെ നടക്കുന്നത്, ആദ്യം, പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് നടപ്പിലാക്കാന്‍ ഇറങ്ങുന്നു. രാജ്യത്തെ ഏറ്റവും ആദരണീയമായ സ്ഥാപനങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാണ് ഭരണഘടന പറയുന്നത്. അതിന്‍റെ വിശ്വാസ്യത ഇല്ലാതാക്കുകയും അതിന്‍റെ വിശ്വസ്തത തന്നെ ചോദ്യം ചെയ്യപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് ഇവ, ഇത്തരം വിട്ടു വീഴ്ചകള്‍ ഇത്തരം ഒരു സ്ഥാപനം നടത്തരുത് ഒബ്രിയൻ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16 ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങൾ വാഗ്ദാനം നല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പ്രധാനമന്ത്രി മോദി പരിഹസിച്ചിരുന്നു. ഈ റെവിഡി സംസ്കാരം രാജ്യത്തിന്റെ വികസനത്തിന് വളരെ അപകടകരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam