Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് തന്ത്രമോ? കശ്മീരിലെ പഹാഡി വിഭാ​ഗത്തിന് പട്ടികജാതി സംവരണം, നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

പഹാഡി വിഭാഗക്കാർക്ക് സംവരണം നല്‍കുകയാണെങ്കില്‍ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ആദ്യ നടപടിയായിരിക്കും അത്. 6 ലക്ഷത്തോളമാണ് പഹാഡി വിഭാഗക്കാരുടെ ജനസംഖ്യ. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷായുടെ പ്രഖ്യാപനം. 

amit shah with a crucial announcement in jammu and kashmir pahari
Author
First Published Oct 4, 2022, 7:23 PM IST

ദില്ലി: ജമ്മുകശ്മീരില്‍ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നല്‍കുമെന്ന് അമിത് ഷാ പറഞ്ഞു. പഹാഡി വിഭാഗക്കാർക്ക് സംവരണം നല്‍കുകയാണെങ്കില്‍ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ആദ്യ നടപടിയായിരിക്കും അത്. 6 ലക്ഷത്തോളമാണ് പഹാഡി വിഭാഗക്കാരുടെ ജനസംഖ്യ. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷായുടെ പ്രഖ്യാപനം. 

ജമ്മു കശ്മീർ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നല്‍കണമെന്ന ശുപാർശ നല്‍കിയത്. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നല്‍കുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയില്‍ പറഞ്ഞു.   അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയ്ക്ക് ന‌ടത്തിയ റാലിയെ രജൗരിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. പഹാഡി വിഭാഗത്തിലുള്ളവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുൾപ്പടെയാണ് പട്ടികജാതി വിഭാ​ഗത്തിനുള്ള സംവരണം ലഭിക്കുക. സംവരണം നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വേഷന്‍ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാഡി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി

നിലവിൽ  ക്വാട്ടയിലുള്ള ബകര്‍വാള്‍, ഗുജ്ജാര്‍ വിഭാഗങ്ങള്‍ പഹാഡികള്‍ക്ക് പട്ടികജാതി സംവരണം നല്‍കുന്നതിന് എതിരാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നും ഭാഷയുടെ പേരില്‍ മാത്രം പഹാഡികള്‍ക്ക് സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ പട്ടികജാതി സംവരണത്തിലുള്ളവര്‍ക്ക് ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല. ചിലര്‍ ഗുജ്ജാറുകളേയും ബകര്‍വാള്‍ വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ  അഭിപ്രായപ്പെട്ടു. 

Read Also: 'ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒന്നിക്കണം'; രാജ്യത്തെ 44 ശതമാനം ആളുകളും വിശ്വസിക്കുന്നത്, സി വോട്ടർ സർവ്വേഫലം

Follow Us:
Download App:
  • android
  • ios