Asianet News MalayalamAsianet News Malayalam

'വാ​​ഗ്ദാനം നൽകൽ മാത്രം' ഇനി പറ്റില്ല; രാഷ്ട്രീയപാർട്ടികൾക്ക് 'എട്ടിന്റെ പണി' നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് മാറ്റിവെച്ചിരിക്കുന്ന തുകയെത്ര, അതെങ്ങനെ കണ്ടെത്തും തുടങ്ങിയ വിവരങ്ങളെല്ലാം കമ്മീഷനെ ബോധിപ്പിച്ച് മാത്രമേ വോട്ടർമാർക്ക് വാ​ഗ്ദാനം നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. വോട്ടർമാരോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരായി രാഷ്ട്രീയപാർട്ടികളെ മാറ്റുന്നതിന്റെ ഭാ​ഗമായി നിയമപരിഷ്കാരത്തിനൊരുങ്ങുക‌യാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

election commission has issued a warning to the political parties who make repeated promises during the elections
Author
First Published Oct 4, 2022, 5:52 PM IST

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് വാ​ഗ്ദാനങ്ങൾ വാരിക്കോരി നൽകുന്ന രാഷ്ട്രീയപാർട്ടികൾക്ക്  മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് മാറ്റിവെച്ചിരിക്കുന്ന തുകയെത്ര, അതെങ്ങനെ കണ്ടെത്തും തുടങ്ങിയ വിവരങ്ങളെല്ലാം കമ്മീഷനെ ബോധിപ്പിച്ച് മാത്രമേ വോട്ടർമാർക്ക് വാ​ഗ്ദാനം നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. വോട്ടർമാരോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരായി രാഷ്ട്രീയപാർട്ടികളെ മാറ്റുന്നതിന്റെ ഭാ​ഗമായി നിയമപരിഷ്കാരത്തിനൊരുങ്ങുക‌യാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന വാ​ഗ്ദാനങ്ങൾ എങ്ങനെ പാലിക്കുമെന്ന് കൃത്യമായി വിവരം തെര‍ഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് പുതി‌യ നിർദ്ദേശത്തിൽ പറയുന്നത്. ഇക്കാര്യം സംബന്ധിച്ച് ഈ മാസം 19നകം കമ്മീഷനെ വിവരമറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ നല്കി  മാത്രമേ വോട്ടർമാരുടെ വിശ്വാസം തേടാവൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്കയച്ച കത്തിൽ പറയുന്നു. നടപ്പാക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പേരിൽ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. പ്രകടനപത്രികകൾ തയ്യാറാക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടിനോട് കമ്മീഷൻ തത്വത്തിൽ യോജിക്കുന്നു. എങ്കിലും  സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനും നിഷ്പക്ഷത നിലനിർത്തുന്നതിനും  എല്ലാ രാഷ്ട്രീയ പാർട്ടികളും  സ്ഥാനാർത്ഥികളും നൽകുന്ന  വാഗ്ദാനങ്ങളുടെ വിശദാംശങ്ങൾ തേടാതിരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. 

 രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും അവരുടെ വാഗ്ദാനങ്ങൾ സംരക്ഷിക്കേണ്ടതും അവയ്ക്ക് എങ്ങനെ ധനസഹായം നൽകാൻ പദ്ധതിയിടുന്നെന്ന്  വിശദമാക്കേണ്ടതും ആണ്. നൽകുന്ന വാ​ഗ്ദാനങ്ങളുടെ പ്രയോജനം ലഭിക്കേണ്ടുന്ന ജനസംഖ്യ  എത്ര, പദ്ധതിയുടെ ഫലമായി ഉണ്ടാവുന്ന സാമ്പത്തിക സൂചനകൾ എന്തൊക്ക, സാമ്പത്തികസ്രോതസ്സുകളുടെ വിവരങ്ങൾ, സമ്പത്ത് സമാഹരിക്കാനുള്ള വഴികളും മാർഗങ്ങളും പോലുള്ള വിശദാംശങ്ങൾ എന്നിവയും പാർട്ടികൾ കൃത്യമാ‌യി നൽകണം. നിശ്ചിത സമയത്ത് പാർട്ടികളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ ഈ വിഷയത്തിൽ പാർട്ടിക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്നാണ് വിലയിരുത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്ക‌‌യച്ച കത്തിൽ പറയുന്നു. 

വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വിവരിക്കുന്നത് വഴി അവ വെറുംവാക്കാകുന്നത് തടയാനുള്ള സാഹചര്യം കുറയ്ക്കും. ഇതിലൂടെ പാര്‍ട്ടികള്‍ക്കിടയില്‍ താരതമ്യം നടത്താന്‍ പൗരന്മാരെ സഹായിക്കുമെന്നാണ് കമ്മീഷന്റം വാദം.നിലവില്‍ സൗജന്യ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര ധനകാര്യ സെക്രട്ടറിയും നികുതിയുടെയും ചെലവിന്റെയും കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: മുലായം സിങ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ


 

Follow Us:
Download App:
  • android
  • ios