വിദേശയാത്ര ഒഴിവാക്കി മണ്ഡലത്തിൽ ശ്രദ്ധിക്കാനുള്ള കോടതി നിർദ്ദേശം അനുസരിക്കുന്നു: കാർത്തി ചിദംബരം

By Web TeamFirst Published Jun 1, 2019, 7:12 AM IST
Highlights

ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയെ പരാജയപ്പെടുത്തിയാണ്കാർത്തി ചിദംബരം പാര്‍ലമെന്‍റിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സിബിഐ, എന്‍ഫോഴ്സ്മെന്‍റ് കേസുകള്‍ ജനംവിശ്വസിക്കാത്തതിന്‍റെ തെളിവാണ് തന്‍റെ വിജയമെന്ന് കാര്‍ത്തി ചിദംബരം അവകാശപ്പെടുന്നു.

മുംബൈ: വിദേശയാത്ര ഒഴിവാക്കി സ്വന്തം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സുപ്രീം കോടതി നിർദേശം അംഗീകരിക്കുന്നുവെന്ന് കാർത്തി ചിദംബരം പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ക്ക് ശിവഗംഗയിലെ വികസന പദ്ധതികള്‍ കൊണ്ട് മറുപടി നല്‍കുമെന്ന് കാര്‍ത്തി ചിദംബരം വ്യക്തമാക്കി. കേന്ദ്രഏജന്‍സികളുടെ അന്വേഷണങ്ങള്‍ നിയമപരമായി നേരിടുമെന്നും കാര്‍ത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് കേസുകള്‍ ജനംവിശ്വസിക്കാത്തതിന്‍റെ തെളിവാണ് തന്‍റെ വിജയമെന്ന് കാര്‍ത്തി ചിദംബരം അവകാശപ്പെടുന്നു. ഒപ്പം നിന്ന വോട്ടര്‍മാരുടെ ക്ഷേമമാണ് ഇനി ലക്ഷ്യം. ഇതിനായി സ്വകാര്യമേഖലയില്‍ നിന്ന് ഉള്‍പ്പടെ കൂടുതല്‍ സംരംഭങ്ങള്‍ ശിവഗംഗയിലേക്ക് കൊണ്ടുവരുമെന്നും കാർത്തി ചിദംബരം പറയുന്നു. സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ സ്വന്തം മണ്ഡലത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

3500 കോടി രൂപയുടെ എയര്‍സെല്‍ മാക്സിസ് കേസിലും 305 കോടിയുടെ ഐന്‍എക്സ് മീഡിയ കേസിലുമാണ് കാർത്തി ചിദംബരം പ്രധാനമായും അന്വേഷണം നേരിടുന്നത്. കേന്ദ്രഏജന്‍സികളുടേത് വേട്ടയാടല്‍ എന്ന് ആവര്‍ത്തിക്കുന്ന കാര്‍ത്തി , നിയമപരമായി പ്രതിരോധം ശക്തമാക്കുമെന്ന നിലപാടിലാണ്.

കഴിഞ്ഞ തവണ അണ്ണാഡിഎംകെയ്ക്കും ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്ന കാര്‍ത്തി, ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയെ പരാജയപ്പെടുത്തിയാണ് ഇത്തവണ പാര്‍ലമെന്‍റിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മക്കള്‍ക്കായി സീറ്റ് ചോദിച്ച മുതിര്‍ന്ന നേതാക്കള്‍ക്കുടെ പേരില്‍ കലഹമല്ല, പ്രശ്നപരിഹാരമാണ് കോണ്‍ഗ്രസിനകത്ത് വേണ്ടതെന്നാണ് ജൂനിയര്‍ ചിദംബരത്തിന്‍റെ നിലപാട്.

click me!