
കൊൽക്കത്ത: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മൂന്ന് ആനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് സംഭവ സ്ഥലത്ത് ചരിഞ്ഞത്. പശ്ചിമ ബംഗാളിലെ ബാസ്തോല റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
ഏഴ് ആനകളുടെ കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുമ്പോഴാണ് ട്രെയിൻ മൂന്ന് ആനകളെ ഇടിച്ചത്. നാല് ആനകൾ ചരിഞ്ഞ മൂന്ന് ആനകളുടെ അരികിൽ നിലയുറപ്പിച്ചു. ആനകൾ പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലെ ഝാർഗ്രാം വനത്തിൽ നിന്ന് വന്നതാണെന്നാണ് നിഗമനം. രാവിലെ ആനകളുടെ ജഡം ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്.
നേരത്തെയും റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ ആനകൾ ചരിഞ്ഞ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡും റെയിൽവേ ട്രാക്കും മുറിച്ചുകടക്കുന്നത് ആനകളെ സംബന്ധിച്ച് മരണക്കെണി ആവുകയാണ്. മൃഗങ്ങൾ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുമ്പോൾ ഇത്തരം സ്ഥലങ്ങളിൽ ലോകോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. തമിഴ്‌നാട്, ഒഡീഷ, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം ഉപയോഗിക്കുന്നുണ്ട്.
അടുത്തിടെ ഒരു പിടിയാന റെയിൽവേ ട്രാക്കിൽ പ്രസവിച്ചതോടെ രണ്ട് മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടിരുന്നു. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വീഡിയോ പങ്കുവെച്ചു. റെയിൽവേ ട്രാക്കുകളിൽ വന്യജീവികളുടെ ജീവൻ പൊലിയാതിരിക്കാൻ നടപടിയെടുത്തതായി കേന്ദ്രം അറിയിച്ചു. രാത്രിയിലോ കാഴ്ച കുറവുള്ളപ്പോഴോ ട്രാക്കിൽ വന്യമൃഗങ്ങൾ വന്നാൽ അറിയാൻ തെർമൽ വിഷൻ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. ഈ ക്യാമറകൾ വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam