
ദില്ലി : സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാക്കളായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്രം ഉടൻ അനുമതി നൽകും. നിലവിൽ എയർടെൽ, റിലൈൻസ് ജിയോ എന്നീ കമ്പനികളുമായി സ്റ്റാർലിങ്ക് നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിലാകും അനുമതി നൽകുക. നടപടി അവസാന ഘട്ടത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ കൺട്രോൾ സെന്റർ വേണമെന്ന ഉപാധി സർക്കാർ സ്റ്റാർലിങ്കിന് മുന്നിൽ വെച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ ഇൻറർനെറ്റ് വിച്ഛേദിക്കാൻ സൗകര്യം വേണം. സുരക്ഷ കാരണങ്ങളാൽ ടെലിഫോൺ ചോർത്തുന്നതിന് സംവിധാനം ഉണ്ടാകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സാധാരണ നീണ്ട പരിശോധനകൾക്കും, അന്വേഷണത്തിനും ശേഷമാണ് ആശയവിനിമയ രംഗത്ത് വിദേശ കമ്പനികൾക്ക് സർക്കാർ അനുമതി നൽകാറുള്ളത്.
ഇന്ത്യയിലെ രണ്ട് പ്രമുഖ മൊബൈൽ കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ എന്നി കമ്പനികളുമായാണ് സ്റ്റാർലിങ്ക് കരാർ. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിർത്ത രണ്ട് കമ്പനികൾ പെട്ടന്ന് കരാറുണ്ടാക്കിയതിന് പിന്നിൽ ചില പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്നാരോപിച്ച് കോൺഗ്രസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. താരിഫ് ഭീഷണി തുടരുന്ന ട്രംപിനെ പ്രീതിപ്പെടുത്താനുള്ള തന്ത്രമാണിതെന്നും കരാറിന് പിന്നിൽ പ്രധാനമന്ത്രിയാണെന്നാണ് കോൺഗ്രസ് ആരോപണം. സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam